സ്പാനിഷ് ലീഗിൽ ബാഴ്സലോണക്ക് തകർപ്പൻ ജയം; മെസി ബാഴ്സയുടെ വിജയശിൽപി.

സ്പാനിഷ് ലീഗിൽ ബാഴ്സലോണക്ക് തകർപ്പൻ ജയം. എയ്ബാറിനെ ഒന്നിനെതിരെ ആറ് ഗോളിനാണ് തോൽപ്പിച്ചത്. നാല് ഗോളുകൾ നേടിയ മെസിയാണ് ബാഴ്സയുടെ വിജയശിൽപി.

ഗോൾമഴ പിറന്ന മത്സരത്തിൽ കണ്ടത് ബാഴ്‌സയുടെ ആധിപത്യം. നാല് ഗോളുകൾ നേടി മെസി നിറഞ്ഞാടിയപ്പോൾ ബാഴ്‌സൻ ജയം ഒന്നിനെതിരെ ആറ് ഗോളുകൾക്ക്.

പരിക്കേറ്റ ഔസ്മാൻ ഡെംബേലെയുടെ അസാന്നിധ്യമൊന്നും ബാഴ്സയുടെ ജയത്തിൽ മങ്ങലേൽപ്പിച്ചില്ല. ഗോളടിക്കാനും അടിപ്പിക്കാനും മെസി നേതൃത്വം നൽകിയതോടെ കറ്റാലൻ സംഘം സീസണിലെ അഞ്ചാം ജയം ആഘോഷിച്ചു.

20ആം മിനിറ്റിൽ പെനാൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് മെസിയാണ് ബാഴ്സയുടെ ഗോൾ വേട്ടക്ക് തുടക്കമിട്ടത്. 36 ആം  മിനിറ്റിൽ മെസിയുടെ കോർണർ കിക്ക് ഹെഡ് ചെയ്ത് ബ്രസീലിയന് താരം പൗളീഞ്ഞ്യോ ബാഴ്സക്ക് ലീഡ് സമ്മാനിച്ചു.

53ആം മിനിറ്റിൽ ഡെനിസ് സുവാരസിലൂടെ ബാഴ്സ ഗോൾ നേട്ടം മൂന്നാക്കിയപ്പോൾ 57 ആം  മിനിറ്റിൽ എയ്ബാർ ഒരു ഗോൾ മടക്കി. പിന്നീട് കണ്ടത് മെസി മാജിക്കായിരുന്നു. 59, 62, 87 ആം മിനിറ്റുകളിൽ  മെസി എതിർടീമിന്റെ വലയിൽ പന്തെത്തിച്ചതോടെ ബാഴ്സ അജയ്യരായി ലാലീഗ തലപ്പത്തേക്ക് വീണ്ടും.

മറ്റൊരു മത്സരത്തിൽ മലാഗയെ വലൻസിയ അഞ്ച് ഗോളിനും തകർത്തു

Social Icons Share on Facebook Social Icons Share on Google +