ഇപി.ജയരാജന്റെ രാജിക്ക് വഴിവച്ച ബന്ധുനിയമനക്കേസിന് അന്ത്യം

മുൻ മന്ത്രി ഇപി.ജയരാജന്റെ രാജിക്ക് വഴിവച്ച ബന്ധുനിയമനക്കേസിന് അന്ത്യം. കേസ് നിലനിൽക്കില്ലെന്ന വിജിലൻസ് ലീഗൽ അഡ്വൈസറുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് അവസാനിപ്പിക്കുന്നത്. കേസ് അവസാനിപ്പിക്കാൻ വിജിലൻസ് കോടതിയിൽ ഇന്ന് റിപ്പോർട്ട് നൽകും. ഹൈക്കോടതിയേയും ഇക്കാര്യം അറിയിക്കും.

ഏറെ വവാദം സൃഷ്ടിക്കുകയും ഇ. പി ജയരാജന് മന്ത്രിസ്ഥാനം വരെ നഷ്ടമാവുകയും ചെയ്ത് ബന്ധനിയമന കേസിനാണ് വിജിലൻസ് അന്ത്യം കുറിച്ചിരിക്കുന്നത്. ജയരാജനെതിരായ ബന്ധുനിയമന കേസ് നിലനിൽക്കില്ലെന്നാണ് വിജിലൻസ് ലീഗൽ അഡൈ്വസർ സി.സി. അഗസ്റ്റ്യൻ വിജിലൻസിന് നിയമോപദേശം നൽകിയിരിക്കുന്നത്. കേസിൽ തെളിവില്ലാത്തതിനാൽ അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനിൽക്കില്ലെന്നും അതിനാൽ അന്വേഷണം അവസാനിപ്പിക്കാമെന്നും ലീഗൽ അഡ്വൈസർ വിജിലന്‍സിനെ അറിയിച്ചു. ഈ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജയരാജനെതിരായ കേസ് അവസാനിപ്പിക്കാൻ വിജിലൻസ് തീരുമാനിച്ചത്.

സ്വജനപക്ഷപാതം, അഴിമതിനിരോധന നിയമത്തിന്‍റെ പരിധിയിൽ വരുമെന്ന് കണ്ടെത്തിയായിരുന്നു ബന്ധുനിയമനത്തിൽ നേരത്തെ വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ ഇതിന് പിന്നാലെ നിയമനവുമായി ബന്ധപ്പെട്ട് ആർക്കും സാമ്പത്തിക ലാഭം ഉണ്ടായിട്ടില്ലെന്നും അതിനാൽ കേസ് അഴിമതി നിരോധന നിയമത്തിന്‍റെ കീഴിൽ വരില്ലെന്നും ചൂണ്ടികാട്ടി വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. വിജിലൻസ് ഇക്കാര്യം ഹൈക്കോടതിയെയും അറിയിച്ചിരുന്നു. കേസ് അവസാനിപ്പിക്കുന്നുവെന്ന് ചൂണ്ടികാട്ടി വിജിലൻസ് കോടതിയിൽ അന്വേഷണ ഉദ്യാഗസ്ഥർ റിപ്പോർട്ട് സമർപ്പിക്കും. കോടതിയുടേതായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം.

Topics:
Social Icons Share on Facebook Social Icons Share on Google +