യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗത്വമെന്ന ആവശ്യം യാഥാർഥ്യമായേക്കുമെന്ന പ്രതീക്ഷയിൽ ഇന്ത്യ

യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗത്വമെന്ന ആവശ്യം യാഥാർഥ്യമായേക്കുമെന്ന പ്രതീക്ഷയിൽ ഇന്ത്യ. ഇത് മുന്നിൽക്കണ്ട് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ നിലപാടിന് ഇന്ത്യ പിന്തുണയറിയിച്ചു. യുഎൻ പൊതു സഭയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച സുഷമ സ്വരാജ് അഞ്ചു വിദേശരാജ്യങ്ങളിലെ പ്രതിനിധികളുമായി സുഷമ സ്വരാജ് ഇന്നലെ കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

യുഎൻ പൊതുസഭാ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ഇന്നലെ ട്രംപ് അധ്യക്ഷത വഹിച്ച ഉന്നതതല യോഗത്തിലും പങ്കെടുത്തു. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് മുന്നോട്ടുവയ്ക്കുന്ന യുഎൻ നവീകരണ പദ്ധതിയെ യുഎസ് സ്വാഗതം ചെയ്യുന്നതായി വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു.

അഞ്ചു വിദേശരാജ്യങ്ങളിലെ പ്രതിനിധികളുമായി സുഷമ സ്വരാജ് ഇന്നലെ കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി സഹകരണവും വ്യാപാരക്കരാറുകളും ഉറപ്പാക്കുന്നതിനായിട്ടായിരുന്നു കൂടിക്കാഴ്ച. ടുണീഷ്യ, ബഹ്റൈൻ, ലാത്വിയ, യുഎഇ, ഡെൻമാർക് എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായിട്ടായിരുന്നു കൂടിക്കാഴ്ച.

ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായും സുഷമ കൂടിക്കാഴ്ച നടത്തിയെങ്കിലും റോഹിങ്ക്യൻ അഭയാർഥി പ്രശ്നം ചർച്ച ചെയ്തില്ല. പാകിസ്താൻ പ്രധാനമന്ത്രി ഷാഹിദ് ഖാൻ അബ്ബാസിയും ഇന്നലെ ന്യൂയോർക്കിലെത്തി.

അതേസമയം, ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്താ അൽ സിസിയും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും തമ്മിലുള്ള ആദ്യ പൊതുകൂടിക്കാഴ്ചയ്ക്കും യുഎൻ വേദിയായി. മേഖലയിലെ സമാധാനശ്രമങ്ങളുടെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ചയെന്നു പിന്നീട് വിശദീകരിച്ചു.

Social Icons Share on Facebook Social Icons Share on Google +