നടിയെ ആക്രമിച്ച കേസിൽ അന്വേഷണസംഘം ഒക്‌ടോബർ എട്ടിന് കുറ്റപത്രം സമർപ്പിക്കും

നടിയെ ആക്രമിച്ച കേസിൽ അന്വേഷണസംഘം ഒക്‌ടോബർ എട്ടിന് കുറ്റപത്രം സമർപ്പിക്കും. കൂട്ടബലാത്സംഘം ഉൾപ്പെടെ ജീവപര്യന്തം തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ ദിലീപിനെതിരെ ചുമത്തും. കുറ്റപത്രം സമർപ്പിച്ചാലും കേസിലെ തെളിവുകളായ മൊബൈൽ ഫോണിനും മെമ്മറികാർഡിനും ഉള്ള അന്വേഷണം പോലീസ് തുടരും.

നടിയെ ആക്രമിച്ച കേസിൽ നേരത്ത അന്വേഷണസംഘം ഒരു കുറ്റപത്രം സമർപ്പിച്ചിരുന്നു. പൾസർ സുനിയെ ഒന്നാം പ്രതിയാക്കിയ കേസിൽ ആകെ ഏഴ് പ്രതികളാണ് ഉണ്ടായിരുന്നത്. നടി ആക്രമിക്കപ്പെട്ടതിൽ ഗൂഡാലോചനയില്ലെന്ന് മുഖ്യമന്ത്രി വരെ അറിയിച്ച കേസിൽ പിന്നീടാണ് അന്വേഷണസംഘം ഗൂഢാലോചന ഉണ്ടെന്ന് കണ്ടെത്തിയത്. പൾസർ സുനി നാദിർഷയെ ഫോൺ വിളിച്ചും കത്ത് എഴുതിയും മറ്റും ദിലിപീനെ ബന്ധപ്പെടാൻ ശ്രമിച്ചതായിരുന്നു ഇതിൽ വഴിത്തിരിവായത് . പുതിയ കുറ്റപത്രം സമർപ്പിക്കുമ്പോൾ ദിലീപ് കേസിൽ രണ്ടാം പ്രതിയാകാനാണ് സാധ്യത. കൂട്ടബലാത്സംഘം , ഗൂഢാലോചന ഉൾപ്പെടെ ഗൗരവതരമായ വകുപ്പുകൾ ചേർക്കുമ്പോൾ ജീവപര്യന്തം ശിക്ഷലഭിക്കാനുള്ള കുറ്റമായി മാറും.

അതേസമയം കുറ്റപത്രം സമർപ്പിച്ചാലും അന്വേഷണം തുടരാനാണ് തീരുമാനം. കേസിൽ നിർണ്ണായക തെളിവുകളായ ആക്രമണദൃശ്യങ്ങൾ പകർത്തിയ മൊബൈലും മെമ്മറികാർഡും കണ്ടെടുക്കാൻ പോലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. കുറ്റപത്രം സമർപ്പിച്ചാലും ഇതിനായുള്ള തെരച്ചിൽ തുടരേണ്ടി വരും. അഭിഭാഷകരായ പ്രതിഷ് ചാക്കോയ്ക്കും രാജു ജോസഫിനും എതിരെ തൊണ്ടി മുതൽ ഒളിപ്പിച്ചതിനുള്ള കേസാണ് ചുമത്തിയിരിക്കുന്നത്. അതിനാൽ മൊബൈലും മെമ്മറികാർഡും നശിപ്പിക്കപ്പെട്ടിട്ടില്ല എന്ന് അനുമാനത്തിൽ തന്നെയാണ് പോലീസ് അന്വേഷണം മുന്നോട്ട് കൊണ്ട് പോകുന്നതും. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുൻപ് തന്നെ ദിലീപിന്റെ ഒരു ജാമ്യാപേക്ഷയിൽ കൂടി ഹൈക്കോടതി തീരുമാനമെടുക്കും. കുറ്റപത്രം സമർപ്പിക്കുന്നതിന് മുൻപ് ജാമ്യം ലഭിച്ചില്ലെങ്കിൽ വിചാരണതടവുകാരനായി തുടരേണ്ടി വരുമെന്നതാണ് പ്രതിഭാഗത്തിന്റെ പ്രധാന ആശങ്ക

Social Icons Share on Facebook Social Icons Share on Google +