ഉഗ്രരൂപം പൂണ്ട് മരിയ; കിഴക്കൻ കരീബിയൻ ദ്വീപായ ഡൊമിനിക്കയെ ഇളക്കിമറിച്ചു

ഇർമ ചുഴലിക്ക് പിന്നാലെയെത്തിയ മരിയ ചുഴലിക്കാറ്റും ഉഗ്രരൂപം പൂണ്ടു. കരുത്തുപ്രാപിച്ചെത്തിയ മരിയ ചുഴലിക്കാറ്റ് കിഴക്കൻ കരീബിയൻ ദ്വീപായ ഡൊമിനിക്കയെ ഇളക്കിമറിച്ചു. ചുഴലിക്കാറ്റിൽ രാജ്യം തകർക്കപ്പെട്ടെന്ന് പ്രധാനമന്ത്രി റൂസ്വെൽറ്റ് സ്‌കേറിറ്റ് ഫെയ്‌സ്ബുക്കിലൂടെ ലോകത്തെ അറിയിച്ചു

മണിക്കൂറിൽ 257 കിലോമീറ്റർവരെ വേഗത്തിലാണ് മരിയ വീശിയടിച്ചത്. രാജ്യം തകർക്കപ്പെട്ടെന്ന് പ്രധാനമന്ത്രി റൂസ്വെൽറ്റ് സ്‌കേറിറ്റ് ഫെയ്‌സ്ബുക്കിലൂടെ ലോകത്തെ അറിയിച്ചു. മുക്കാൽലക്ഷത്തോളം ആളുകൾ അധിവസിക്കുന്ന ദ്വീപ് മേഖലയിലെ കെട്ടിടങ്ങളും അടിസ്ഥാനസൌകര്യങ്ങളും നിലംപൊത്തി. വിമാനത്താവളവും തുറമുഖങ്ങളും അടച്ചിട്ടിരിക്കുകയാണ്.

വടക്കൻ മേഖലയിലേക്ക് നീങ്ങുന്ന മരിയ ചുഴലി ബ്രിട്ടീഷ്വെർജിൻ ദ്വീപുകളെയും പ്യൂട്ടോറിക്കൊയെയും ലക്ഷ്യംവച്ചാണ് നീങ്ങുന്നത്. ഇർമ ചുഴലി നാശംവിതച്ച അതേമേഖലയിലാണ് ദുരന്തവുമായി മരിയ അനുഗമിച്ചത്. മരിയ ചുഴലി ‘അത്യന്തം അപകടകാരിയായി മുന്നേറുകയാണെന്ന് അമേരിക്കൻ കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. കരീബിയൻ ദ്വീപ് മേഖലയിലാകെ അതീവ ജാഗ്രത നിർദേശിച്ചു.

കരീബിയൻ മേഖലയിൽ വീശിയടിച്ച ഇർമ 40 പേരുടെ ജീവൻ അപഹരിച്ചിരുന്നു. ഫ്‌ളോറിഡയിൽ ഇതുവരെ ഇർമ ദുരന്തത്തിൽ മരണം 50 ആയി. 33 മണിക്കൂറിലേറെ മണിക്കൂറിൽ 295 കിലോമീറ്റർ സഞ്ചരിച്ച ചുഴലിക്കാറ്റെന്ന റെക്കോഡും ഇർമയ്ക്കുണ്ട്. ‘ജോസ്’ എന്ന് നാമകരണംചെയ്ത മറ്റൊരു ചുഴലിയും അറ്റ്‌ലാന്റിക്കിൽ ശക്തിപ്രാപിച്ചുവരുന്നുണ്ട്. വടക്കുകിഴക്കൻ അമേരിക്കൻ മേഖല ലക്ഷ്യംവച്ചാണ് ‘ജോസ്’ രൂപപ്പെടുന്നത്.

Social Icons Share on Facebook Social Icons Share on Google +