സൗദിയിൽ ഇനി സ്ത്രീകൾക്ക് വാഹനം ഓടിക്കാം; ചരിത്രപരമായ ഉത്തരവ് പുറപ്പെടുവിച്ച് സൽമാൻ രാജാവ്

സൗദി അറേബ്യയിൽ സ്ത്രീകൾക്ക് വാഹനം ഓടിക്കാൻ അനുമതി നൽകി സൽമാൻ രാജാവ് ചരിത്രപരമായ ഉത്തരവ് പുറപ്പെടുവിച്ചു. സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കാനുള്ള തീരുമാനം നടപ്പാക്കി 30 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് മന്ത്രാലയങ്ങൾക്ക് നിർദേശം നൽകി.

അടുത്ത വർഷം ജൂണിൽ ഉത്തരവ് പ്രാബല്യത്തിൽ വരുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. വനിതകൾക്ക് ഡ്രൈവിംഗിന് വിലക്കേർപ്പെടുത്തിയിരുന്ന ലോകത്തെ ഏക രാജ്യം സൗദിയാണ്. പുരുഷന്മാർക്ക് മാത്രമേ രാജ്യത്ത് ഡ്രൈവിംഗ് ലൈസൻസ് അനുവദിച്ചിരുന്നുള്ളൂ. സ്ത്രീകൾ വാഹനം ഓടിച്ചാൽ പിടികൂടുകയും പിഴ ഇടാക്കുകയും ചെയ്തിരുന്നു. ഇതുമൂലം പല കുടുംബങ്ങളും സ്ത്രീകളുടെ സഞ്ചാര ആവശ്യത്തിന് പുരുഷന്മാരെ ഡ്രൈവർമാരായി നിയോഗിച്ചിരുന്നു.

വാഹനം ഓടിക്കുന്നതിന് സ്ത്രീകൾക്കുള്ള വിലക്കിനെതിരെ വിവിധ സംഘടനകൾ രംഗത്തെത്തിയിരുന്നെങ്കിലും ഫലംകണ്ടിരുന്നില്ല. വാഹനം ഓടിച്ച് പ്രതിഷേധിച്ച പല സ്ത്രീകളും പിടിക്കപ്പെട്ടിരുന്നു. ഇതോടെ സ്ത്രീകളെ ഡ്രൈവിംഗ് സീറ്റിലേക്ക് തിരികെയെത്തിക്കണമെന്ന ആവശ്യവുമായി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.

Social Icons Share on Facebook Social Icons Share on Google +