നടനും സംവിധായകനും എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ടോം ആൾട്ടർ വിടവാങ്ങി

ബോളിവുഡ് നടനും സംവിധായകനും എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ടോം ആൾട്ടർ വിടവാങ്ങി. വെള്ളിയാഴ്ച രാത്രി സ്വവസതിയിൽവച്ചായിരുന്നു അന്ത്യം. അർബുദ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.

തൊട്ടതെല്ലാം പൊന്നാക്കി അഭിനയത്തിലും സംവിധാനത്തിലും മറക്കാത്ത മാന്ത്രികത സമ്മാനിച്ചാണ് ആൾട്ടർ കാലത്തിന്റെ തിരശീലയ്ക്ക് പിന്നിൽ മറയുന്നത്. 300ൽ അധികം ചിത്രങ്ങളിലാണ് ആൾട്ടർ അഭിനയത്തിന്റെ വിസ്മയങ്ങൾ സമ്മാനിച്ചത്. 1972ൽ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം നേടി അഭിനയത്തിൽ സ്വർണമെഡലോടെ പാസായി. അവിടുന്ന് തുടങ്ങി അദ്ഭുതപ്പെടുത്തുന്ന അഭിനയവഴികൾ. അഭിനയത്തിൽ മാത്രം ആയിരുന്നില്ല ആ പ്രതിഭ. സംവിധാനം, എഴുത്തുകാരൻ എന്നിങ്ങനെ നീളുന്നു ആൾട്ടറിനുള്ള വിശേഷണങ്ങൾ. ജുനൂൻ സീരിയലിലെ അധോലോക നേതാവായ കേശവ് കൽസി എന്ന കഥാപാത്രത്തോടെയയായിരുന്നു തുടക്കം. പ്രിയദർശന്റെ ബിഗ് ബജറ്റ് മലയാള ചിത്രം കാലാപാനിയിലും അഭിനയിച്ചു.

ഏറ്റവും ഒടുവിൽ കഴിഞ്ഞ വർഷം ഇറങ്ങിയ ഹിറ്റ് ചിത്രം അനുരാഗകരിക്കിൻ വെള്ളം എന്ന സിനിമയിലും ആൾട്ടർ ചെയ്ത വേഷം ശ്രദ്ധ നേടിയിരുന്നു. 2008 ൽ പദ്മശ്രീ ബഹുമതി നൽകി രാജ്യം ആൾട്ടറിനെ ആദരിച്ചു.


80 കളിലും 90 കളിലും മികച്ച സ്‌പോർട്‌സ് ജേണലിസറ്റായും ആൾട്ടർ തിളങ്ങി. ആദ്യമായി സച്ചിൻ തെണ്ടുൽക്കറെ അഭിമുഖം ചെയ്തത് ആൾട്ടറായിരുന്നു.

1976 ൽ പുറത്തിറങ്ങിയ രാമാനന്ദ് സാഗറിന്റെ ചരസ്  ആയിരുന്നു ആദ്യചിത്രം.  സത്യജിത് റേയുടെ ശത്രഞ്ച് കേ കിലാഡി, ശ്യാം ബെനഗലിന്റെ ജുനൂൻ, മനോജ് കുമാറിന്റെ ക്രാന്തി, രാജ് കപൂറിന്റെ രാം തേരി ഗംഗ മൈലി എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട ആദ്യകാല ചിത്രങ്ങൾ.

ബോളിവുഡ് പ്രേക്ഷകർ കൈയ്യടികളോടെ സ്വീകരിച്ച ആഷിഖിയിലെ ആൾട്ടറിന്റെ വേഷം അത്ര വേഗമൊന്നും പ്രേക്ഷകർ മറക്കില്ല.

Topics:
Social Icons Share on Facebook Social Icons Share on Google +