ലാസ് വെഗാസിൽ നടന്ന വെടിവെപ്പിൽ മരണം 50 ആയി; 200ലേറെ പേർക്ക് ഗുരുതരമായി പരിക്കേറ്റു

അമേരിക്കയിലെ ലാസ് വെഗാസിൽ നടന്ന വെടിവെപ്പിൽ 50 പേർ കൊല്ലപ്പെട്ടു. 200ലേറെ പേർക്ക് ഗുരുതരമായി പരിക്കേറ്റു. അക്രമി പൊലീസ് വെടിവെയ്പിൽ കൊല്ലപ്പെട്ടതായാണ് സൂചന. ഇയാൾക്കൊപ്പമുണ്ടായിരുന്നുവെന്ന് കരുതുന്ന സ്ത്രീയ്ക്കായുള്ള തെരച്ചിൽ തുടരുന്നു.

ലാസ് വെഗാസിലെ മണ്ടാലേ ബേ റിസോർട്ടിലെ ചൂതാട്ടകേന്ദ്രത്തിൽ നടന്ന സംഗീതപരിപാടിക്കിടെയാണ് വെടിവയ്പുണ്ടായത്. പ്രാദേശിക സമയം രാത്രി പത്ത് മണിയോടെയാണ് വെടിവെയ്പ്പുണ്ടായത്. കാസിനോയുടെ റൂട്ട് 91 ഹാർവെസ്റ്റ് സംഗീത നിശയുടെ അവസാന ദിവസമായിരുന്നതിനാൽ ആയിരക്കണക്കിന് പേരാണ് പരിപാടി കാണാൻ എത്തിയിരുന്നത്. സംഗീത പരിപാടിയുടെ ടിക്കറ്റുകൾ മുഴുവൻ നേരത്തെ തന്നെ വിറ്റുപോയിരുന്നതിനാൽ ഹോട്ടൽ തിങ്ങി നിറഞ്ഞിരുന്നു. എറിക് ചർച്ച്, സാം ഹണ്ട്, ജാസൺ അൽദിയാൻ തുടങ്ങി നിരവധി കലാകാരന്മാർ പരിപാടി അവതരിപ്പിക്കുന്നതിനായി എത്തിയിരുന്നു. സ്‌റ്റേജിൽ സംഗീത പരിപാടി തുടരുന്നതിനിടെ രണ്ടു പേർ തുടർച്ചയായി വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. വെടിശബ്ദം കേട്ട് പരിഭ്രാന്തരായി ജനം ഭയന്നോടിയതിനെത്തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കേറ്റു. ഇതിനിടയിലും നിർത്താതെ വെടിയൊച്ച കേട്ടുവെന്നും പലരും വെടിയേറ്റു വീണെന്നും സംഭവത്തിന്റെ നടക്കം മാറാത്ത പലരും പറയുന്നു. സ്ഥലത്തെത്തിയ പൊലീസ് ക്ലബ്ബ് ഒഴിപ്പിച്ചു. സംഗീതജ്ഞർക്ക് ആർക്കും തന്നെ പരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.

തോക്കുമാത്രമാണ് അക്രമത്തിന് ഉപയോഗിച്ചതെന്നും സ്‌ഫോടക വസ്തുക്കളൊന്നും തന്നെ ആക്രമണ സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. നൂറോളം തവണ വെടിശബ്ദം കേട്ടതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ചു കൊണ്ട് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തെ തുടർന്ന് ലാസ്‌വെഗാസിലെ പല ഹോട്ടലുകളും അടച്ചിട്ടു. ശക്തമായ പൊലീസ് കാവലും ഏർപ്പെടുത്തി. ജനങ്ങളോട് രാത്രി സഞ്ചാരം ഒഴിവാക്കാൻ പൊലീസ് നിർദ്ദേശിച്ചു. ആക്രമികൾ വന്നതെന്നു കരുതുന്ന കറുത്ത ഔഡി കാറിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി വരികയാണ്. നടന്നത് ഭീകരാക്രമണമെന്ന് സൂചനയില്ലെന്നും പൊലീസ് പറഞ്ഞു. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് പൊലീസ് പറയുന്നത്.

Social Icons Share on Facebook Social Icons Share on Google +