സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ പ്രത്യേക ഉത്തേജക പാക്കേജ് ഉണ്ടാകില്ല

രാജ്യത്തെ സാമ്പത്തിക മേഖല നേരിടുന്ന മാന്ദ്യം മറികടക്കാന്‍ പ്രത്യേക ഉത്തേജക പാക്കേജ് പ്രഖ്യാപിക്കേണ്ടെന്ന് പ്രധാനമന്ത്രി രൂപീകരിച്ച അഞ്ചംഗ സാമ്പത്തിക ഉപദേശക സമിതിയുടെ നിര്‍ദേശം. തൊഴില്‍ സൃഷ്ടിക്കലും സാമ്പത്തിക വളര്‍ച്ചയും അടക്കം 10 മേഖലകളെ കേന്ദ്രീകരിച്ച് തുടക്കത്തില്‍ പ്രവര്‍ത്തിക്കാനാണ് സമിതിയുടെ ഉപദേശം.

സാമ്പത്തിക സമാഹരണ നടപടികള്‍ തുടരണമെന്നാണ് സമിതിയുടെ നിര്‍ദേശമെന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന സാമ്പത്തിക ഉപദേശക സമിതിയുടെ ആദ്യ യോഗത്തിന് ശേഷം ചെയര്‍മാന്‍ വിവേക് ദേബ് റോയ് പറഞ്ഞു. തൊഴില്‍ സൃഷ്ടിക്കലും സാമ്പത്തിക വളര്‍ച്ചയും അടക്കം 10 മേഖലകളെ കേന്ദ്രീകരിച്ച് തുടക്കത്തില്‍ പ്രവര്‍ത്തിക്കാനാണ് സമിതിയുടെ ഉപദേശം. 6 മാസത്തേക്ക് പ്രത്യേക മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തും. 2018 ബജറ്റ് ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളിലേക്കാവും സമിതി ആദ്യം കടക്കുകയെന്നും വിവേക് ദേബ്‌റോയ് പറഞ്ഞു. അതേസമയം സാമ്പത്തിക മാന്ദ്യത്തിന്റെ വ്യക്തമായ കാരണം സമിതിക്ക് കണ്ടെത്താനായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

നോട്ട് അസാധുവാക്കല്‍, ജിഎസ്ടി എന്നിവ നടപ്പാക്കിയതിന് പിന്നാലെ സാമ്പത്തിക മാന്ദ്യം രാജ്യത്തെ വരിഞ്ഞു മുറുക്കിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രി അഞ്ചംഗ സാമ്പത്തിക ഉപദേശക കൗണ്‍സില്‍ രൂപീകരിച്ചിരുന്നത്. കൗണ്‍സിലിന്റെ ആദ്യ യോഗത്തില്‍ രാജ്യത്തെ സാമ്പത്തിക സാഹചര്യം സംബന്ധിച്ച് വിശദമായ വിലയിരുത്തല്‍ നടന്നു. അടുത്തമാസം വീണ്ടും കൗണ്‍സില്‍ യോഗം ചേരും.

Social Icons Share on Facebook Social Icons Share on Google +