സഹകളിക്കാരനുമായി കൂട്ടിയിടിച്ച് ഗോൾകീപ്പർ മരിച്ചു; ഗോളി മരിച്ചതറിയാതെ കളി ജയിച്ച് ടീം

കളിക്കളത്തിലെ അപകടമരണങ്ങളിൽ പുതിയൊരേട് തീർത്ത് ഇന്തോനേഷ്യൻ ഫുട്‌ബോൾ ഇതിഹാസം ഹുദ വിടവാങ്ങി.  ഇന്തോനേഷ്യൻ ദേശീയ ടീം പെർസെല ലെമോൻഗന്റെ ഗോൾകീപ്പറും സൂപ്പർ ലീഗിലെ ഇതിഹാസതാരം എന്നും വിശേഷിപ്പിക്കപ്പെടുന്ന ഖൊയ്‌രുൾ ഹുദ അന്തരിച്ചു. കളിക്കിടെ ഗ്രൗണ്ടിൽ സഹകളിക്കാരനുമായുണ്ടായ കൂട്ടിയിടിയാണ് ഹുദയുടെ മരണത്തിൽ കലാശിച്ചത്. എന്നാൽ ഹുദ മരണത്തിന് കീഴടങ്ങിയതറിയാതെ കളി തുടർന്ന ടീം എതിരില്ലാത്ത രണ്ട് ഗോളിന് വിജയിച്ചു. തെക്കൻ ജാവയിലെ സുർജയ സ്‌റ്റേഡിയത്തിലായിരുന്നു മത്സരം.

ഒന്നാം പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ഒരു ആക്രമണത്തിനിടെ പന്ത് കൈപ്പിടിയിലൊതുക്കാൻ മുന്നോട്ടു കയറിയ ഹുദയും പന്ത് ക്ലിയർ ചെയ്യാൻ സ്‌െ്രെടക്കർക്കൊപ്പം ഓടിയ റോഡ്രിഗസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. റോഡ്രിഗസിന്റെ മുട്ട് ഹുദയുടെ പിൻകഴുത്തിൽ ഇടിച്ചു.

ഇടിയുടെ ആഘാതത്തിൽ ഗ്രൗണ്ടിൽ വേദന കൊണ്ട് പിടിഞ്ഞു വീണ ഗോൾ കീപ്പറെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആയിരക്കണക്കിന് ആളുകളാണ് കളിയുടെ തൽസമയ സംപ്രേഷണം വീക്ഷിച്ചിരുന്നത്.

ഖൊയ്‌രുൾ ഹുദ ആശുപത്രിയിൽ മരണത്തിന് കീഴടങ്ങിയത് കളിക്കാരോ കാണികളോ അറിഞ്ഞില്ല. തങ്ങളുടെ പ്രിയ ഗോളി മരണത്തിന് കീഴടങ്ങുമ്പോഴും ഹുദയുടെ പെർസെല ടീം സ്‌റ്റേഡിയത്തിൽ കളി തുടരുകയായിരുന്നു. മത്സരം എതിരില്ലാത്ത രണ്ട് ഗോളിന് വിജയിച്ച് ആശുപത്രിയിലേയ്‌ക്കോടിയെത്തിയ സഹകളിക്കാരെ തേടിയെത്തിയത് ഹുദയുടെ മരണവാർത്തയായിരുന്നു.

ടീമിലെ ഇതിഹാസ താരമായാണ് ഹുദയെ വിശേഷിപ്പിക്കുന്നത്. 1999ൽ അരങ്ങേറ്റം കുറിച്ച ഹുദ പെർസെലയ്ക്കുവേണ്ടി 500ഓളം മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

Social Icons Share on Facebook Social Icons Share on Google +