ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി

ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല വികസനവുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ട്‌. വിമാനത്താവള പദ്ധതി ഉൾപ്പെടെയുള്ളവ പ്രശനങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേ സമയം ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല.

മന്ത്രിമാരുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തിലാണ് സന്നിധാനത്ത് അവലോകന യോഗം ചേർന്നത് . ശബരിമല തീർത്ഥാടനത്തിനായുള്ള ഒരുക്കങ്ങളിൽ തൃപ്തി അറിയിച്ച മുഖ്യമന്ത്രി നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും പറഞ്ഞു. ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമായ് ഉയർത്തുന്നതിന് കേന്ദ്രത്തിൽ സമ്മർദം ചെലുത്തും. ശബരി റെയിൽ പദ്ധതിയുടെ സ്ഥലമേറ്റെടുക്കലടക്കം വേഗത്തിലാക്കും.

ശബരിമല വിഷയത്തിൽ വനംവകുപ്പുമായുള്ള തർക്കങ്ങൾ പ്രത്യക്ഷമാണങ്കിലും അത്തരമൊരു തർക്കങ്ങളുമില്ലെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

അതേസമയം, സ്ത്രീ പ്രവേശനമടക്കമുള്ള വിഷയങ്ങളിൽ മുഖ്യമന്ത്രി പ്രതികരിച്ചില്ല. കഴിഞ്ഞ വർഷത്തെ അവലോകന യോഗത്തിൽ തീരുമാനിച്ച പല കാര്യങ്ങളും നടപ്പിലാക്കാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങളോടും പിണറായി വിജയൻ പ്രതികരിക്കാൻ തയ്യാറായില്ല. യോഗത്തിന് ശേഷം സോപാനത്തും മാളികപ്പുറത്തും മുഖ്യമന്ത്രി സന്ദർശനം നടത്തി.

Social Icons Share on Facebook Social Icons Share on Google +