കേരളക്കരയും കാത്തിരുന്ന നിർണായക ട്വന്റി20 മത്സരം ഇന്ന്; മഴദൈവങ്ങള്‍ കനിഞ്ഞാല്‍ ഗ്രീൻഫീൽഡ് ക്രിക്കറ്റിന്റെ പറുദീസയാകും

തലസ്ഥാന നഗരിയും കേരളക്കരയും കാത്തിരിക്കുന്ന ഇന്ത്യ ന്യൂസിലാന്റ് നിർണായക മൂന്നാം ടി ട്വന്റി മത്സരം ഇന്ന്. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വൈകിട്ട് 7 മണിക്കാണ് മത്സരം. ജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കുന്ന മത്സരം ഇരു ടീമുകളെ സംബന്ധിച്ചടത്തോളം ജീവൻമരണ പോരാട്ടമാണ്. അതേസമയം, ട്വന്റി 20യുടെ ആവേശം മഴ തല്ലിക്കെടുത്തുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

ഭരണ തലസ്ഥാനം ക്രിക്കറ്റിന്റെ തലസ്ഥാനമാകുന്ന മുഹൂർത്തത്തിന് ഇനി മണിക്കൂറുകളുടെ മാത്രം വഴിദൂരം. ഇന്ത്യ ന്യൂസിലാന്റ് നിർണായക മൂന്നാം ട്വന്റി 20 മത്സരം ഇന്ന് തിരുവനന്തപുരത്തിന്റെ മണ്ണിൽ നടക്കുമ്പോൾ ആരാധകർ ആവേശക്കൊടുമുടിയിലാണ്. രാജ്‌കോട്ടിലെ മത്സരത്തിൽ ത്രസിപ്പിക്കുന്ന ജയം നേടി ഇന്ത്യക്ക് കീവീസ് മറുപടി നൽകിയതോടെ ഒരു കലാശപ്പോരാട്ടത്തിന്റെ എല്ലാ ആവേശവും ഗ്രീൻഫീൽഡിലുണ്ടാകും എന്നുറപ്പിക്കാം. ബാറ്റിംഗ് പറുദീസയെന്ന് ക്യൂറേറ്റർമാർ വിധിയെഴുതിയ പിച്ചിൽ സിക്‌സറുകളും ഫോറുകളും അകമ്പടി തീർക്കുമെന്നുറപ്പിക്കാം. അങ്ങനെയെങ്കിൽ ഇന്ത്യൻ നിരയിൽ ഫോം തുടരുന്ന നായകൻ കോലിയുംശിഖർ ധാവനും, രോഹിതും കിവി നിരയിൽ നിന്നും ടോം ലാതവും കോളിൻ മൺറോയും തന്നെയാകും സൂപ്പർ സ്റ്റാറുകൾ. മത്സരത്തിന്റെ അവസാന വട്ട മിനുക്കു പണിയും പൂർത്തിയായതായി കെസിഎ സെക്രട്ടറി ജയേഷ് ജോർജ്ജ് ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞ ദിവസം സ്റ്റേഡിയത്തിലെത്തിയ ഇരു ടീമുകളും രാവിലെയും ഉച്ചയ്ക്കുമായി കാര്യവട്ടം സ്‌പോർട്‌സ് ഹബ്ബ് സ്റ്റേഡിയത്തിൽ പരിശീലനം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും മഴ മൂലം പരിശീലനം നടത്താനായില്ല.

55,000ത്തിലേറെ കാണികളെ ഉൾക്കൊള്ളുന്ന സ്റ്റേഡിയത്തിലെ ടിക്കറ്റുകളെല്ലാം വിറ്റു തീർന്നെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. എന്തായാലും ആരവങ്ങളുമായി ആരാധകരും ത്രസിപ്പിക്കുന്ന പ്രകടനവുമായി താരങ്ങളും കളത്തിലിറങ്ങുമ്പോൾ ഗ്രീൻഫീൽഡ് ക്രിക്കറ്റിന്റെ പറുദീസയാകുമെന്നു തന്നെയുറപ്പിക്കാം മഴദൈവങ്ങള്‍ കനിഞ്ഞാല്‍.

Social Icons Share on Facebook Social Icons Share on Google +