മോദി സര്‍ക്കാര്‍ നോട്ട് നിരോധനം പ്രഖ്യാപിച്ചിട്ട് ഇന്ന് ഒരു വർഷം


പ്രധാന മന്ത്രി നരേന്ദ്രമോദി നോട്ട് നിരോധനം പ്രഖ്യാപിച്ചിട്ട് ഇന്ന് ഒരു വർഷം തികയുകയാണ്. ഇന്ത്യൻ സമ്പദ് ഘടനയ്ക്ക് കനത്ത ആഘാതമേൽപ്പിച്ച നോട്ട് നിരോധനത്തിന്റെ ദുരന്തം ഇന്ത്യൻ ജനത ഇപ്പോഴും അഭിമുഖീകരിക്കുകയാണ്. ഒട്ടേറെ അവകാശവാദങ്ങളോടെ കൊട്ടിഘോഷിക്കപ്പെട്ട മോദിയുടെ ഈ പ്രഖ്യാപനം ഇന്ത്യൻ ജനതയ്ക്ക് മേലും ഇന്ത്യൻ സമ്പദ്ഘടനയ്ക്ക് മേലും ഒരു കാർമേഘമായി ഇപ്പോഴും നിൽക്കുന്നു.

2016 നവംബർ 8ന്റെ ആ രാത്രിയെ ഇന്ത്യൻ ജനത ഒരിക്കലും മറക്കില്ല. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ നിരോധിച്ചുകൊണ്ട് പ്രധാനമന്ത്രി രാഷ്ട്രത്തോട് നടത്തിയ പ്രഖ്യാപനം കള്ളപ്പണക്കാർക്കെതിരെയുള്ള പോരാട്ടമെന്നായിരുന്നു ഭരണകൂടം വിശേഷിപ്പിച്ചത്. എന്നാൽ നിരോധിച്ച നോട്ടുകൾ മാറിയെടുക്കാൻ ബാങ്കുകളുടെ മുന്നിൽ പിറ്റേദിവസം മുതൽ മാസങ്ങളോളം നീണ്ട ക്യൂവായിരുന്നു ഇന്ത്യയിൽ എല്ലാ സ്ഥലങ്ങളിലും അനുഭവപ്പെട്ടത്. പല ബാങ്കുകൾക്ക് മുന്നിലും സംഘർഷങ്ങൾ തുടർക്കഥയായി മാറി. ആളുകൾ തളർന്ന് വീണു. മരിച്ചവർ ആയിരക്കണക്കിനെന്ന് അനൗദ്യോഗിക റിപ്പോർട്ടുകൾ. അഞ്ഞൂറിനും ആയിരത്തിനും പകരം രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും പുതിയ നോട്ടുകൾക്കായി രാജ്യത്ത് മുഴുവൻ ജനങ്ങൾ നെട്ടോട്ടമോടി. ആദ്യം നോട്ട് നിരോധിച്ചത് കള്ളപ്പണം കണ്ടെത്തലിന്റെ ഭാഗമാണെന്ന് അഭിപ്രായപ്പെട്ട മോദി പിന്നീട് ഡിജിറ്റലൈസേഷന്റെ ഭാഗമായാണ് നോട്ട് നിരോധിച്ചതെന്ന് മാറ്റിപ്പറഞ്ഞു. എന്തായാലും ദുരന്തം സാധാരണ ജനങ്ങൾക്ക് മാത്രമായിരുന്നു. നോട്ട് നിരോധനം വിതച്ച ദുരിതപർവ്വത്തിൽ നിന്നും ഇപ്പോഴും ഇന്ത്യൻ ജനത കരകയറിയിട്ടില്ല എന്നതാണ് ഇന്ത്യൻ സമ്പദ്ഘടന നൽകുന്ന സൂചന. വളർച്ചാ നിരക്ക് രണ്ട് ശതമാനം തലകുത്തി വീണു. ഒരു വർഷം കഴിഞ്ഞിട്ടും ഈ ആഘാതം തുടരുകയാണ്. കാർഷിക മേഖല തകർന്നടിഞ്ഞു. ചെറുകിട വ്യവസായങ്ങളും വാണിജ്യമേഖലയും തകർച്ചയിലേയ്ക്ക് കൂപ്പുകുത്തി.

കെട്ടിട-നിർമ്മാണ മേഖലകളിൽ തകർച്ച പൂർണമായി. ഇപ്പോഴും നോട്ട് നിരോധനത്തിന്റെ ദുരന്തഫലം ഇന്ത്യൻ ജനത അനുഭവിക്കുകയാണ്. അതീവരഹസ്യമായി നടത്തിയ നോട്ട് നിരോധന പഖ്യാപനം നാടകമാണെന്ന് പിന്നീട് തെളിഞ്ഞു. പല കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും കള്ളപ്പണക്കാർക്കും ഇതേക്കുറിച്ച് നേരത്തെ തന്നെ വിവരം കിട്ടിയെന്ന് പിന്നീടുണ്ടായ സംഭവ വികാസങ്ങൾ തെളിയിച്ചു. ഒരു വർഷം പിന്നിട്ടിട്ടും കള്ളപ്പണക്കാരെ കണ്ടെത്താനും തിരിച്ചെത്തിയ നോട്ടുകൾ ഇതുവരെയും എണ്ണിത്തിട്ടപ്പെടുത്താൻ റിസർവ്വ് ബാങ്കിന് പോലും കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നോട്ട് നിരോധനത്തിന്റെ ദുരന്തം ഇന്ത്യൻ ജനത ഇപ്പോഴും അനുഭവിക്കുന്നു നാളെകളിലും ഇതിന്റെ പ്രത്യാഘാതം തുടരും എന്ന് തന്നെയാണ് സാമ്പത്തിക ശാസ്ത്രജ്ഞർ നൽകുന്ന മുന്നറിയിപ്പും സൂചനയും.

Social Icons Share on Facebook Social Icons Share on Google +