മഴകളിച്ച കളിയിൽ ഗ്രീൻ ഫീൽഡി‍ല്‍ ചരിത്രമെഴുതി ഇന്ത്യ; ജയത്തോടെ പരമ്പര ഇന്ത്യയ്ക്ക്

മഴകളിച്ച കളിയിൽ ഗ്രീൻ ഫീൽഡിലെ ട്വന്റി20യിൽ ന്യൂസിലന്റിനെതിരെ ഇന്ത്യക്കു ത്രസിപ്പിക്കുന്ന ജയം. മഴമൂലം 8 ഓവർ ആക്കി പുതുക്കി നിശ്ചയിച്ച മത്സരത്തിൽ 6 റൺസിനായിരുന്നു ഇന്ത്യൻ ജയം. ജയത്തോടെ 2-1നു ഇന്ത്യ പരമ്പര സ്വന്തമാക്കി. ജസ്പ്രീത് ബുംറയാണ് കളിയിലെയും പരമ്പരയിലേയും താരം.

ജയത്തോടെ വഴിമാറിയത് 29 വർഷം നീണ്ട ചരിത്രം. ന്യൂസിലന്‍റിനെതിരെ ഇന്ത്യന്‍ മണ്ണില്‍ ഇന്ത്യ നേടുന്ന ആദ്യ ജയം എന്ന നേട്ടത്തിനും ഗ്രീന്‍ ഫീല്‍ഡ് സാക്ഷിയായി.

മത്സരത്തെ ആവേശത്തോടെ വരവേറ്റ് കാണികളും കളിയുടെ ഭാഗമായി. മഴ വകവെക്കാതെ നനഞ്ഞും കുട ചൂടിയും ആരാധകർ മത്സരത്തെ ആവേശോജ്വലമാക്കി.

അനന്തപുരിയിലെ ആവേശപ്പോരിന് മഴ തടസ്സമായെത്തിയെങ്കിലും ആരാധകരാൽ നിറഞ്ഞ ഗ്യാലറികൾ ആവേശത്തിലായിരുന്നു. പോരിന് തിരികൊളുത്തുന്നതും കാത്ത് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ജഴ്സികൾ അണിഞ്ഞും ചായങ്ങൾ പൂശിയും ക്രിക്കറ്റ് പൂരം കാണാൻ മഴയത്തും ആരാധകരുടെ നിലയ്ക്കാത്ത ആരവങ്ങളും ആഘോഷ പ്രകടനങ്ങളും വ്യക്തമാക്കുന്നത് മഴ തെല്ലും കാണികളെ അലോസരപ്പെടുത്തിയില്ലെന്ന് തന്നെയാണ്. കാരണം ഇടവേള വിട്ട് മഴ പെയ്തുവെങ്കിലും കുട ചൂടിയും മഴ നനഞ്ഞും കളി കാണുന്ന ആരാധകരെയാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

മത്സരത്തിനിടെ മഴ പെയ്താലും മഴ നിന്ന് 20 മിനിട്ടിനുള്ളിൽ മത്സരം പുനരാരംഭിക്കാൻ കഴിയുമെന്നതും കാണികൾക്ക് ആശ്വാസം പകരുന്ന വാർത്ത തന്നെ ആയിരുന്നു. ഒടുവിൽ കാണികൾ കാത്തിരുന്ന നിമിഷം എത്തി. പത്മനാഭന്റെ മണ്ണിൽ ഇന്ത്യൻ താരങ്ങൾ ജയിച്ചു കയറി.

എന്തായാലും ആരാധകർ മഴ നനഞ്ഞ് കാത്തിരുന്നത് വെറുതെ ആയില്ല. മത്സരം പൊടിപൊടിക്കുക തന്നെ ചെയ്തു.

ഇതോടെ 29 വർഷം നീണ്ട് നിന്ന ചരിത്രം വഴി മാറുകയും ചെയ്തു.

Social Icons Share on Facebook Social Icons Share on Google +