ഇറാൻ – ഇറാഖ് അതിർത്തിയില്‍ ശക്തമായ ഭൂചലനം; മരണസംഖ്യ 135 ആയി

ഇറാൻ ഇറാഖ് അതിർത്തിയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ മരണസംഖ്യ 135 ആയി. റിക്ടർ സ്‌കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി. കുവൈത്ത്, യുഎഇ, ഇറാൻ, തുർക്കി തുടങ്ങിയ രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

ഇറാഖി കുർദിസ്ഥാനിലെ ഹലാബ്ജയുടെ തെക്കു പടിഞ്ഞാറ് 30 കിലോമീറ്റർ മാറിയാണ് റിക്ടർ സ്‌കെയിലിൽ 7.3 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. കുവൈത്ത്, യുഎഇ, ഇറാൻ, തുർക്കി തുടങ്ങിയ രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

പടിഞ്ഞാറൻ ഇറാനിലെ കെർമാൻഷാ പ്രവിശ്യയിൽ 129 പേർ മരിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇറാഖിൽ ആറിലധികം പർ മരിച്ചതായും 860ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്.

ഇറാഖ് അതിർത്തിയിൽനിന്ന് 15 കിലോമീറ്റർ മാറിയുള്ള സർപോളെ സഹാബ് നഗരത്തിലാണ് ഏറ്റവും കൂടുതൽ മരണം ഉണ്ടായിട്ടുള്ളതെന്ന് ഇറാന്റെ എമർജൻസി സർവീസസ് അറിയിച്ചു. കുറഞ്ഞത് എട്ടു ഗ്രാമങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചില ഗ്രാമങ്ങളിൽ വൈദ്യുതി വിതരണവും ടെലികമ്യൂണിക്കേഷൻ സംവിധാനവും തകർന്നിട്ടുണ്ട്.

മണ്ണിടിച്ചിൽ ഉണ്ടായി റോഡുകൾ തകർന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമായിരിക്കുകയാണ്. റെഡ് ക്രസന്റിന്റെ 30 സംഘങ്ങളാണു ഭൂകമ്പ ബാധിത പ്രദേശത്തു രക്ഷാപ്രവർത്തനം നടത്തുന്നത്. പ്രാദേശിക സമയം രാത്രി ഒൻപതരയോടെയാണു കുവൈത്തിന്റെ പലഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടത്.

Social Icons Share on Facebook Social Icons Share on Google +