പി.ജയരാജനെതിരെ നടപടിക്കൊരുങ്ങി സിപിഎം; നടപടി പാർട്ടി ഘടകങ്ങളിൽ റിപ്പോർട്ട് ചെയ്യും

പി.ജയരാജനെതിരെ സിപിഎം നടപടിക്ക്. ജയരാജൻ പാർട്ടിക്ക് അതീതനായി വളരാൻ ശ്രമിക്കുന്നുവെന്നും സ്വയം മഹത്വവൽക്കരിക്കാൻ ശ്രമിക്കുന്നുവെന്നും സംസ്ഥാനസമിതിയിൽ വിലയിരുത്തൽ. ജയരാജനെതിരായ നടപടി പാർട്ടി ഘടകങ്ങളിൽ റിപ്പോർട്ട് ചെയ്യും.

സിപിഎം കണ്ണൂർ ലോബിയിൽ പൊട്ടിത്തെറിക്ക് സമാനമായ സംഭവങ്ങളായിരുന്നു കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാനസമിതിയൽ നടന്നത്. പി.ജയരാജൻ സ്വയം മഹത്വവൽക്കരിക്കുകയാണെന്ന കടുത്ത വിമർശനമാണ് യോഗത്തിൽ ഉരയർന്നത്. മഹത്വവൽക്കരണത്തിന്റെ ഭാഗമായി ജയരാജൻ ജീവിതരേഖയും നൃത്തശിൽപവും തയ്യാറിക്കിയെന്നും പാർട്ടിക്ക് അതീതനായി വളരാനുള്ള ജയരാജന്റെ നീക്കം അംഗീകരിക്കാനാകില്ലെന്നും സംസ്ഥാന കമ്മിറ്റി വിലയിരുത്തി. ജയരാജന്റെ ഇത്തരം പ്രവർത്തികൾ കണ്ണൂർ ജില്ലയിലെ എല്ലാ പാർട്ടി ഘടകങ്ങളിലും റിപ്പോർട്ട് ചെയ്യാനും സംസ്ഥാനസമിതി നിർദേശിച്ചിട്ടുണ്ട്. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്കെതിരെ വികാരഭരിതനായാണ് ജയരാജൻ സംസ്ഥാനസമിതിയിൽ പ്രതികരിച്ചത്. രേഖകൾ തയ്യാറാക്കിയത് താനല്ലന്നും തനിക്ക് അതിൽ പങ്കില്ലെന്നും കെകെ രാഗേഷ് എംപിയാണ് രേഖകൾ തയ്യാറാക്കിയതെന്നും പറഞ്ഞെങ്കിലും ജയരാജന്റെ വാദങ്ങൾക്ക് എതിരായിരുന്നു സംസ്ഥാനസമിതിയുടെ നിലപാട്. പാർട്ടി നീക്കം അമ്പരപ്പിക്കുന്നതാണെന്നും ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരാൻ താൽപര്യമില്ലെന്നും കാണിച്ച് സംസ്ഥാനസമിതി യോഗത്തിൽ നിന്ന് ജയരാജൻ ഇറങ്ങി പോകുകയും ചെയ്തു. സംസ്ഥാനസമിതിയിൽ തീർത്തും അപ്രതീക്ഷിതമായ നീക്കങ്ങളാണ് ജയരാജനെതിരെ ഉണ്ടായത്. സിപിഎമ്മിനെ നിയന്ത്രിക്കുന്ന കണ്ണൂർ ലോബിയിലെ സുപ്രധാന നേതാവാണ് പി. ജയരാജൻ. എല്ലാകാലത്തും ജയരാജനൊപ്പം ഉറച്ചു നിന്ന പാർട്ടി ഇപ്പോൾ എന്തുകൊണ്ട് ജയരാജനെതിരെ തിരിഞ്ഞെന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്.

Topics:
Social Icons Share on Facebook Social Icons Share on Google +