പാർട്ടിക്ക് മുകളിൽ ആര് വളർന്നാലും വെട്ടിനിരത്തും എന്നതിന്റെ ഉദാഹരണങ്ങളിലേക്ക് ജയരാജൻ സഖാവും

കണ്ണൂരിലെ സിപിഎമ്മിന്റെ കരുത്തുറ്റ മുഖമാണ് പി.ജയരാജൻ. എന്നാൽ പാർട്ടിക്ക് മുകളിൽ ആര് വളർന്നാലും വെട്ടിനിരത്തും എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണങ്ങളിലേക്ക് ജയരാജൻ സഖാവും ഇരയാവുന്നു എന്നതാണ് സംസ്ഥാന സമിതിയിൽ നടന്ന ജയരാജന്റെ മഹത്വവൽക്കരണം എന്ന പ്രയോഗത്തിലൂടെ പുറത്തുവരുന്നത്.

ഒരുകാലത്ത് സിപിഎമ്മിന്റെ കരുത്തും സംഘടനാ ശേഷിയുടെ നട്ടെല്ലുമായിരുന്നു എംവി രാഘവൻ. എംവിആറിന്റെ വാക്കുകളും ചലനങ്ങളും അണികൾ ഏറ്റെടുത്തപ്പോൾ എംവിആർ സിപിഎമ്മിന്റെ സമാരാധ്യനായ നേതാവായി. എംവിആറിന്റെ ഈ വളർച്ചയായിരുന്നു പിൽക്കാലത്ത് അദ്ദേഹത്തിന് സിപിഎമ്മിൽ നിന്ന് പുറത്തു പോകേണ്ട രാഷ്ട്രീയ സാഹചര്യം പാർട്ടിയിലെ മുതിർന്ന നേതാക്കൾ തന്നെ ഒരുക്കിയത്. ഇഎംഎസും വിഎസ് അച്യുതാനന്ദനും തീർത്ത അടവു നയത്തിലൂടെ ഒടുവിൽ ബദൽ രേഖയിലൂടെ എംവിആറിനെ പുറത്താക്കി. സമാന അന്തരീക്ഷമാണ് പി.ജയരാജന്റെ കാര്യത്തിലും ഉണ്ടാകുന്നത്. കണ്ണൂരിൽ മറ്റേത് നേതാക്കളേക്കാളും അണികളേയും പ്രവർത്തകരേയും ആകർഷിക്കാൻ കഴിയുന്നത്. പി.ജയരാജനാണ് എന്നതാണ് സത്യം. നടപ്പു പാർട്ടി രീതികളിൽ നിന്നും പ്രവർത്ത ശൈലിയിൽ പരിഷ്‌കാരങ്ങൾ കൊണ്ട് വന്ന് ആൾക്കൂട്ടത്തിൽ താരമാകാൻ ജയരാജൻ ശ്രമിച്ചു എന്ന് പാർട്ടി സംസ്ഥാന സമിതി കുറ്റപത്രം സമർപ്പിക്കുമ്പോൾ ഇതിൽ വാസ്തവവുമുണ്ട്. മുഖ്യമന്ത്രി പിണറായിക്കും സംസ്ഥാന സെക്രട്ടറി കോടിയേരിക്കും ലഭിക്കുന്നതിനേക്കാൾ പിന്തുണയും കൈയടിയുമായിരുന്നു പൊതുപരിപാടികളിൽ ജയരാജന് ലഭിച്ചിരുന്നത്. ഇതിൽ മുതിർന് നേതാക്കൾ അസ്വസ്ഥരായിരുന്നു എന്ന റിപ്പോർട്ടും ഉണ്ടായിരുന്നു. എന്നാൽ സംസ്ഥാന സമിതിയിൽ തീർത്തും അപ്രതീക്ഷിതമായാണ് നീക്കങ്ങൾ ഉണ്ടായത്. ജയരാജനെതിരെ ചില നീക്കങ്ങൾ നടക്കുന്നു എന്ന സൂചനകൾ ഉണ്ടായിരുന്നെങ്കിലും ഇത്ര കടുത്ത നടപടിയിലേക്ക് കാര്യങ്ങൾ നീങ്ങുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.

Social Icons Share on Facebook Social Icons Share on Google +