ചിത്രകൂട് നിയമസഭാ മണ്ഡലത്തിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിനു വിജയം

മധ്യപ്രദേശിലെ ചിത്രകൂട് നിയമസഭാ മണ്ഡലത്തിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിനു വിജയം. ബിജെപി സ്ഥാനാർഥി ശങ്കർദയാൽ ത്രിപാഠിയെ തോൽപ്പിച്ച് കോൺഗ്രസിന്റെ നീലാൻഷു ചതുർവേദിയാണ് പാർട്ടിക്കായി മണ്ഡലം നിലനിർത്തിയത്.

14,133 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ചതുർവേദിയുടെ വിജയം. ചതുർവേദിക്ക് 66,810 വോട്ടുകൾ ലഭിച്ചപ്പോൾ, ത്രിപാഠിക്ക് 52,677 വോട്ടുകളേ നേടാനായുള്ളൂ. കോൺഗ്രസ് എംഎൽഎയായിരുന്ന പ്രേം സിങ്ങിന്റെ മരണത്തെ തുടർന്നാണ് ചിത്രകൂട് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്. ഉത്തർപ്രദേശ് അതിർത്തിയോടു ചേർന്നുള്ള ഈ മണ്ഡലത്തിൽ 1998, 2003, 2013 വർഷങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ പ്രേം സിങ്ങാണ് ജയിച്ചത്. അതേസമയം, 2008 ലെ തിരഞ്ഞെടുപ്പു പോരാട്ടത്തിൽ ബിജെപിയിലെ സുരേന്ദ്രസിങ് ഗഹാർവാർ ഇവിടെ പ്രേം സിങ്ങിനെ തോൽപ്പിച്ചിട്ടുമുണ്ട്.

പന്ത്രണ്ടോളം സ്ഥാനാർഥികൾ ഏറ്റുമുട്ടിയ ഉപതിരഞ്ഞെടുപ്പിലെ വിജയം സംസ്ഥാനത്തും ദേശീയ തലത്തിലും പുതുജീവൻ തേടുന്ന കോൺഗ്രസിന് ആത്മവിശ്വാസം പകരും.

Social Icons Share on Facebook Social Icons Share on Google +