രാഹുൽ ഗാന്ധി ഉടൻ കോൺഗ്രസ് അധ്യക്ഷനാകും; ഔദ്യോഗികപ്രഖ്യാപനം ഡിസംബർ 19ന്

രാഹുൽ ഗാന്ധി അടുത്ത മാസം കോൺഗ്രസ്‌ അധ്യക്ഷനാകും. കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാൻ എഐസിസി സമയക്രമം പ്രഖ്യാപിച്ചു. വോട്ടെടുപ്പ് വേണ്ടിവന്നാല്‍ ഡിസംബര്‍ പതിനാറിന് നടത്തും. 19 ന് ഫലപ്രഖ്യാപനം. രാഹുൽ ഗാന്ധിയെ അധ്യക്ഷനാക്കണമെന്ന പ്രമേയം പ്രവർത്തക സമിതിയോഗം പാസാക്കി.

രാഹുല്‍ ഗാന്ധിയെ അധ്യക്ഷ സ്ഥാനത്തേക്ക് നിയമിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുന്നതിനാണ് ഇന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയുടെ നിര്‍ണായക യോഗം ചേര്‍ന്നത്.

കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രവർത്തക സമിതി യോഗം തിരഞ്ഞെടുപ്പിനുള്ള സമയക്രമം പ്രഖ്യാപിച്ചു. ഡിസംബർ ഒന്നിന് തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങും. നാലിന് നാമനിർദേശ പത്രിക നൽകാനുള്ള അവസാന തീയതിയും അഞ്ചിന് സൂക്ഷ്മ പരിശോധനയുമാണ്. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഡിസംബർ പതിനൊന്നാണ്. ഒന്നിലധികം സ്ഥാനാർത്ഥികൾ ഉണ്ടെങ്കിൽ മാത്രം പതിനാറിന് തിരഞ്ഞെടുപ്പ് നടത്തും. തുടർന്ന് പത്തൊൻപതിന് ഫലപ്രഖ്യാപനം. എന്നാൽ കോൺഗ്രസ്‌ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി മാത്രമാണ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സര രംഗത്തുണ്ടാവുക എന്ന കാര്യം ഉറപ്പാണ്. അങ്ങനെയെങ്കിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയായ ഡിസംബർ നാലിന് തന്നെ ഫലപ്രഖ്യാപനവും ഉണ്ടായേക്കും.തുടർന്ന് എ ഐ സി സി സമ്മേളനം വിളിച്ചു ചേർത്ത് പാർട്ടി അധ്യക്ഷ സ്ഥാനം രാഹുൽ ഗാന്ധി ഏറ്റെടുക്കും. ഗുജറാത്ത്‌ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് തന്നെ രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത് പാർട്ടിക്ക് ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. രാഹുലിനെ അധ്യക്ഷനാക്കുന്നതിനുള്ള പ്രമേയം യോഗത്തില്‍ ഒറ്റക്കെട്ടായി നേതാക്കള്‍ അംഗീകരിച്ചു. രാഹുലിനെതിരെ ആരും മത്സരിക്കില്ലെന്നതിനാൽ തന്നെ തിരഞ്ഞെടുപ്പ് സാങ്കേതികം മാത്രമാണ്.

Social Icons Share on Facebook Social Icons Share on Google +