പാറശ്ശാല കുന്നത്തുകാലിൽ പാറമടയിൽ ഉണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു

പാറശ്ശാല കുന്നത്തുകാലിൽ പാറമടയിൽ ഉണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ഏഴ് പേർക്ക് പരുക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പഞ്ചായത്തിന്റെ ലൈസൻസ് ഇല്ലാതെയാണ് അപകടമുണ്ടായ പാറമട പ്രവർത്തിച്ചിരുന്നത്.

പാറ പെട്ടിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. താഴെ ജോലിയിലേർപ്പിട്ടിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് മുകളിൽ നിന്നും പറയുടെ ഒരു ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു. ക്വാറിയിലുണ്ടായിരുന്ന മണ്ണുമാന്തി യന്ത്രത്തിന് മുകളിലേക്കാണ് ഇടിഞ്ഞ പാറയുടെ ഒരു വലിയ ഭാഗം വന്ന് പതിച്ചത്. മണ്ണുമാന്തി യന്ത്രം പൂർണമായും തകർന്നു. മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറായ സതീശ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. തമിഴ്‌നാട് സേലം സ്വദേശിയാണ് ഇദ്ദേഹം.

മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതിനിടയിൽ മാലകുളങ്ങര സ്വദേശി ബിനിൽകുമാറും മരണമടഞ്ഞു. അപകടത്തിൽ പരിക്കേറ്റ മാരായമുട്ടം സ്വദേശി സുധിൻ, വെള്ളറട സ്വദേശി അജി, മേമലം സ്വദേശി വിജിൽ എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് പേർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും ചികിൽസയിലാണ്. കോൺഗ്രസ് നേതാവ് വി.എം സുധീരൻ ഉൾപ്പെടെയുള്ളവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി അപകടത്തിൽ പരിക്കേറ്റവരെ സന്ദർശിച്ചു. പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് ക്വാറി പ്രവർത്തിച്ചിരുന്നത്. അപകടമുണ്ടായാൽ ചെയ്യേണ്ട പ്രാഥമിക ശുശ്രൂഷയ്ക്ക് വേണ്ടിയുള്ള സൗകര്യങ്ങളൊന്നും ഇവിടെ ഒരുക്കിയിരുന്നില്ല. തിരുവനന്തപുരം സ്വദേശി കോട്ടയ്ക്കലിൽ അലോഷ്യസ് എന്നയാളുടെ ഉടമസ്ഥതയിലാണ് പാറമട.

Social Icons Share on Facebook Social Icons Share on Google +