കായല്‍ കയ്യേറ്റക്കേസിലെ ഹൈക്കോടതി വിധിക്കെതിരെ തോമസ്ചാണ്ടി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി

കായല്‍ കയ്യേറ്റക്കേസിലെ ഹൈക്കോടതി വിധിക്കെതിരെ മുന്‍മന്ത്രി തോമസ്ചാണ്ടി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നും തന്റെ പേര് പരാമര്‍ശിച്ചു കൊണ്ടുള്ള കളക്ടറുടെ റിപ്പോര്‍ട്ടും അതിന്റെ ഭാഗമായ തുടര്‍നടപടികളും സ്‌റ്റേ ചെയ്യണമെന്നാണ് അപ്പീലില്‍ തോമസ് ചാണ്ടി ആവശ്യപ്പെടുന്നത്.

കായല്‍ കൈയേറ്റ കേസില്‍ ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തോമസ് ചാണ്ടി നല്‍കിയ ഹര്‍ജി ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. ഒരു മന്ത്രിക്കും സ്വന്തം സര്‍ക്കാറിനെതിരെ ഹര്‍ജി നല്‍കാനാവില്ലെന്നും സര്‍ക്കാറിനെതിരെ ഹര്‍ജി നല്‍കി മന്ത്രിസഭയില്‍ തുടരാനാകില്ലെന്നും അത് നിലവിലുള്ള നിയമവ്യവസ്ഥയുടെ ലംഘനമാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. മന്ത്രി സര്‍ക്കാര്‍ തീരുമാനത്തിന് എതിരെ അപ്പീല്‍ നല്‍കിയത് വഴി മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് മന്ത്രി സ്ഥാനം രാജി വെക്കേണ്ടി വന്ന തോമസ് ചാണ്ടി ഹൈക്കോടതിയുടെ വിധിക്കെതിരെയും കളക്ടറുടെ റിപ്പോർട്ടിനെതിരെയുമാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കളക്ടര്‍ തന്റെ വാദം കേള്‍ക്കാതെ ഏകപക്ഷീയമായാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. അതിനാല്‍ത്തന്നെ കളക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണം. മന്ത്രിസഭയുടെയോ റവന്യൂ മന്ത്രിയുടെയോ ഉത്തരവല്ല മറിച്ച് ജില്ലാ കളക്ടറുടെ ഉത്തരവാണ് ചോദ്യം ചെയ്തതെന്ന് തോമസ് ചാണ്ടി അപ്പീലില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന മന്ത്രിസഭയുടെ കൂട്ട് ഉത്തരവാദിത്വം നഷ്ടപ്പെട്ടുവെന്ന ഹൈക്കോടതിയുടെ നിഗമനം തെറ്റാണെന്നും തോമസ് ചാണ്ടി അപ്പീലില്‍ പറയുന്നു. സുപ്രീം കോടതിയെ സമീപിക്കുന്നത് തിരിച്ചടി ആയേക്കുമെന്ന നിയമോപദേശം മറികടന്നാണ് തോമസ് ചാണ്ടി ഇപ്പോൾ കോടതിയെ സമീപിച്ചിട്ടുള്ളത്. സീനിയര്‍ അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ കൂടി നിയമോപദേശം തേടിയ ശേഷമാണ് അപ്പീൽ ഫയൽ ചെയ്യാൻ തോമസ് ചാണ്ടി തീരുമാനിച്ചത്.

Topics:
Social Icons Share on Facebook Social Icons Share on Google +