ഇന്ത്യൻ സൈന്യത്തിന് തലവേദനയായി വീണ്ടും ജനപ്രിയ ചൈനീസ് ആപ്പുകൾ

ഇന്ത്യൻ സൈന്യത്തിന് തലവേദനയായി വീണ്ടും ജനപ്രിയ ചൈനീസ് ആപ്പുകൾ. മൊബൈൽ ഫോണിലുള്ള വിവിധ ആപ്ലിക്കേഷനുകളിലൂടെ ചൈന ചാരവൃത്തി നടത്തുന്നെന്നാണു സംശയം. ഇതേത്തുടർന്ന് 42 ആപ്പുകൾ ഡിലീറ്റ് ചെയ്യാൻ സൈന്യത്തിന് നിർദേശം നൽകിയെന്നാണു റിപ്പോർട്ട്.

ട്രൂകോളർ, ഷെയർ ഇറ്റ്, വീചാറ്റ്,  വെയ്‌ബോ, യുസി ബ്രൗസർ, യുസി ന്യൂസ്, ന്യൂസ്‌ഡോഗ് തുടങ്ങിയ ആപ്പുകളാണ് സംശയനിഴലിൽ. ചൈനയിൽനിന്നും പാക്കിസ്ഥാനിൽനിന്നുമായി ആപ്പുകൾ കേന്ദ്രീകരിച്ച് ചാരപ്രവർത്തനം നടക്കുന്നുണ്ടെന്നാണു സുരക്ഷാ വിദഗ്ധരുടെ നിഗമനം. ചൈനീസ് ഡവലപ്പർമാർ തയാറാക്കിയ ആൻഡ്രോയിഡ്/ഐഒഎസ് ആപ്പുകളാണ് സൈന്യം ഡിലീറ്റ് ചെയ്യേണ്ടത്.

ചൈനയും പാക്കിസ്ഥാനും മൊബൈൽ ഫോണുകളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കുന്നതായി മുൻപും റിപ്പോർട്ടുണ്ടായിരുന്നു. വിദേശ രഹസ്യാന്വേഷണ വിഭാഗമാണ് ഇന്ത്യയ്ക്കു വിവരം നൽകിയത്. സ്മാർട്ട് ഫോണുകൾ വഴിയും കംപ്യൂട്ടറുകൾ വഴിയും ചാരവൃത്തി നടത്തുന്നത് സാധാരണമായിട്ടുണ്ട്. ആപ്പുകളിലൂടെ രഹസ്യവൈറസ് കടത്തിവിട്ടാണ് ശത്രുക്കളുടെ പ്രവർത്തനം.

എല്ലാ സൈനികരും ഉദ്യോഗസ്ഥരും സ്വകാര്യ, ഔദ്യോഗിക ഫോണുകളിൽനിന്ന് ചൈനീസ് ആപ്പുകൾ നിർബന്ധമായും നീക്കണമെന്നാണ് നിർദേശം. സൈന്യത്തിന്റെയും രാജ്യത്തിന്റെയും സുരക്ഷയ്ക്ക് ഇതാവശ്യമാണ്. 42 ആപ്പുകളെയാണ് സിആർപിഎഫിന്റെ ഐടി സെൽ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അതിർത്തി നിയന്ത്രണ രേഖയിലുള്ള സിആർപിഎഫ്, ഐടിബിപി തുടങ്ങിയ സൈനികർക്കാണു കർശന നിർദേശം ലഭിച്ചത്.

Social Icons Share on Facebook Social Icons Share on Google +