നഷ്ടപരിഹാരം ആവശ്യപ്പെട്ട് നരേന്ദ്രമോദിയ്ക്ക് വിദേശ കാർ കമ്പനിയുടെ നോട്ടീസ്‌

ഇന്ത്യൻ പ്രധാനമന്ത്രിയിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിദേശ കാർ കമ്പനി. 4,968 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് വിദേശ കാർ നിർമ്മാണ കമ്പനിയായ നിസാൻ ആണ് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നോട്ടീസ് അയച്ചത്.

തമിഴ്‌നാട് സർക്കാരുമായുള്ള കരാർ പ്രകാരം ലഭിക്കേണ്ട ആനുകൂല്യങ്ങൾ നിഷേധിച്ചതിനാൽ തങ്ങൾക്ക് ഭീമമായ നഷ്ടമുണ്ടായെന്ന് കാണിച്ചാണ് ജപ്പാനീസ് കമ്പനിയായ നിസാനാണ് നോട്ടീസ് അയച്ചതെന്ന് പ്രമുഖ വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. 77 കോടി ഡോളറാണ് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ ഭരണകൂടത്തിനെതിരെ രാജ്യാന്തര തലത്തിൽ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഇ-മെയിൽ സന്ദേശം നൽകിയത്. എന്നാൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇതിനോട് പ്രതികരിച്ചിട്ടില്ല്.

നികുതി ഇളവ് ഉൾപ്പെടെയുള്ള ഒട്ടേറെ ആനുകൂല്യങ്ങൾ കരാറിന്റെ ഭാഗമായി തമിഴ്‌നാട് സർക്കാർ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഇവ നൽകിയില്ല. ഇക്കാര്യം ഓർമിപ്പിച്ച് പലവട്ടം കത്ത് നൽകിയിട്ടും നടപടിയുണ്ടാകാത്തതിനെതുടർന്ന്  കമ്പനി ചെയർമാൻ നേരിട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചെങ്കിലും ഫലം കണ്ടില്ല. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതിനെത്തുടർന്നാണ് രാജ്യാന്തര തർക്ക പരിഹാര സംവിധാനത്തിലേക്കു നീങ്ങാൻ തീരുമാനിച്ചതെന്നാണ് കമ്പനി വക്താക്കൾ പറയുന്നത്.

Social Icons Share on Facebook Social Icons Share on Google +