ഓഖി ചുഴലിക്കാറ്റിൽ മരണസംഖ്യ ഉയരുന്നു; കടുത്ത പ്രതിഷേധത്തില്‍ മത്സ്യത്തൊഴിലാളികള്‍

ഓഖി ചുഴലിക്കാറ്റിൽ മരണസംഖ്യ ഉയരുന്നു. സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 21 ആയി. 450ലേറെ പേരെ രക്ഷിച്ചതായി മുഖ്യമന്ത്രി. 92 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും വിശദീകരണം. പൂന്തുറയിൽ നിന്ന് പോയ 33 മത്സ്യത്തൊഴിലാളികളെകുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. തെരച്ചിലിലായി മത്സ്യത്തൊഴിലാളികളും സ്വന്തം നിലയ്ക്ക് കടലിലേക്ക് പോകുന്നുണ്ട്.

ഇനിയും 96 പേരെ കുടി കിട്ടാനുണ്ടെന്നാണ് സർക്കാർ വകുപ്പുകൾ അറിയിക്കുന്നത്. തീരദേശങ്ങളിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ പ്രതിഷേധവും ശക്തമാണ്. ജാഗ്രതാ നിർദേശം ഇന്നും തുടരും. തീരദേശങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത ഉള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വൻ ദുരന്തമാണെന്നു വ്യക്തമായ ശേഷംപോലും ഭരണനേതൃത്വം ഉണർന്നു പ്രവർത്തിച്ചില്ലെന്ന ആരോപണവും അതിലുള്ള പ്രതിഷേധവും തീരദേശങ്ങളിൽ ശക്തമാണ്. ഇതിനിടെ പൂന്തുറയിലെ മത്സ്യതൊഴിലാളികളുടെ പ്രതിഷേധത്തെ വിമർശിച്ച് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ രംഗത്തെത്തിയതും ദുരന്തബാധിത കുടുംബങ്ങളെ പ്രകോപിപ്പിച്ചു. പുറംകടലിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള എല്ലാ മാർഗങ്ങളും സർക്കാർ സ്വീകരിക്കുന്നുണ്ടെന്നും അനാവശ്യമായി ബഹളംവയ്ക്കുന്ന രീതി ശരിയല്ലെന്നും മന്ത്രി വിമർശിച്ചിരുന്നു.

സാധാരണ പ്രകൃതിക്ഷോഭ മുന്നറിയിപ്പു ലഭിച്ചാലുടൻ കടലോര മേഖലയിൽ വാഹനങ്ങളിൽ മൈക്ക് കെട്ടി ഇക്കാര്യം വിളിച്ചു പറയുകയും മറ്റ് മാധ്യമങ്ങളിലൂടെ വ്യാപകമായ മുന്നറിയിപ്പു നൽകുകയും ചെയ്യാറുണ്ട്. എന്നാൽ ഇക്കുറി അതും ഉണ്ടായില്ല.

സൂനാമി ആ്ഞ്ഞടിച്ചപ്പോൾ ഇതുപോലെ മുന്നറിയിപ്പ് നൽകുകയും തുടർന്ന് എല്ലാ ദിവസവും മന്ത്രിസഭാ യോഗങ്ങൾ ചേർന്ന് രക്ഷാപ്രവർത്തനവും മറ്റും ഏകോപിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയും റവന്യു മന്ത്രിയും കടലാക്രമണ ബാധിത മേഖലകൾ സന്ദർശിക്കാത്തതിലുള്ള പ്രതിഷേധം മത്സ്യത്തൊഴിലാളികൾക്കിടയിൽ ശക്തമാണ്. അത്യാവശ്യ സന്ദർഭങ്ങളിൽ ഉണർന്നു പ്രവർത്തിക്കേണ്ട തീരദേശ പൊലീസും നാഥനില്ലാത്ത അവസ്ഥയിലാണ്.

രാഹുൽ ഗാന്ധിയെ പോലെ എൻഎസ്ജി സുരക്ഷയുള്ള ഒരു വിവിഐപി പങ്കെടുക്കുന്ന ലക്ഷക്കണക്കിന് പേരുടെ സാന്നിദ്ധ്യത്തിൽ ഒരു യോഗം നടക്കേണ്ടിയിരുന്ന ശംഖുംമുഖത്തു കടലാക്രമണമുണ്ടാകുമെന്ന സൂചന പോലും അധികൃതർ നൽകിയിരുന്നില്ലെന്നത് വളരെ ഗുരുതരമായ അനാസ്ഥയായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അന്തരീക്ഷം മോശമാണെന്നു ബോധ്യപ്പെട്ടതിനെ തുടർന്നു യുഡിഎഫ് നേതൃത്വം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവുമായി ബന്ധപ്പെട്ടു ഗുരുതരാവസ്ഥ മനസ്സിലാക്കുകയും പരിപാടി മാറ്റിവയ്ക്കുകയുമായിരുന്നു. രാഹുൽ പ്രസംഗിക്കേണ്ടിയിരുന്ന വേദി ഉൾപ്പെടെ അടുത്ത ദിവസം കടലാക്രമണത്തിന് ഇരയായി.

കടലാക്രമണ മേഖലയിൽ രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി എന്നിവർക്കൊപ്പം എത്തിയ ശശി തരൂർ എംഎൽഎ കേന്ദ്ര പ്രതിരോധമന്ത്രി നിർമല സീതാരാമനെ വിളിച്ചതിനെ തുടർന്നാണു നാവികസേന ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിനു സജീവമായി രംഗത്തിറങ്ങിയത്. സർക്കാർ പ്രതിനിധികളുടെ അഭാവവും അലംഭാവവും വൻ പ്രതിഷേധത്തിന് വഴിതെളിച്ചു.

Social Icons Share on Facebook Social Icons Share on Google +