എയർ ഇന്ത്യ വില്‍പനയ്ക്ക്; ആഭ്യന്തര-അന്താരാഷ്ട്ര സർവ്വീസുകളും അനുബന്ധ സംരംഭങ്ങളും വിറ്റഴിച്ചേക്കും

കടക്കെണിയിലായ എയർ ഇന്ത്യയുടെ ആഭ്യന്തര, അന്താരാഷ്ട്ര സർവ്വീസുകൾ ഒരുമിച്ച് വിൽക്കുമെന്ന് കേന്ദ്രസർക്കാർ. താത്പര്യമുള്ളവർക്ക് ഇവ ഒരുമിച്ച് വാങ്ങാമെന്ന് കേന്ദ്രമന്ത്രി ജയന്ത് സിൻഹ പറഞ്ഞു.

കമ്പനിയ്ക്ക് കീഴിലുള്ള അനുബന്ധ സംരംഭങ്ങളും എയർ ഇന്ത്യ വിറ്റഴിച്ചേക്കും. അഞ്ച് അനുബന്ധ സംരംഭങ്ങളാണ് എയർ ഇന്ത്യയ്ക്കുള്ളത്. എയർ ഇന്ത്യ എക്‌സ്പ്രസ്, എയർ ഇന്ത്യ എയർ ട്രാൻസ്‌പോർട്ട് സർവ്വീസ്, എയർ ഇന്ത്യ എഞ്ചിനീയറിംഗ് സർവ്വീസസ്, അലിയൻസ് എയർ, ഹോട്ടൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നിവയാണ് അനുബന്ധ സംരംഭങ്ങൾ.

എന്നാൽ ഏതൊക്കെ അനുബന്ധ സംരംഭങ്ങൾ പ്രത്യേകം വിൽക്കണം എന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല. ടാറ്റാ ഗ്രൂപ്പും വിമാന കമ്പനിയായ ഇൻഡിഗോയും എയർ ഇന്ത്യയെ ഏറ്റെടുക്കാൻ രംഗത്തെത്തിയിട്ടുണ്ട്. 50,000 കോടി രൂപയുടെ കടബാധ്യതയാണ് എയർ ഇന്ത്യയിക്കുള്ളത്.

കമ്പനിയുടെ മുഴുവൻ ഓഹരികളും വിൽക്കുകയാണോ അതോ ഭാഗികമായാണോ വിൽക്കുന്നതെന്നും സർക്കാർ വ്യക്തമാക്കിയിട്ടില്ല. എന്നാൽ എട്ടു മാസത്തിനുള്ളിൽ ഓഹരി വിൽപ്പന നടപടികൾ പൂർത്തീകരിക്കുമെന്നാണ് വിലയിരുത്തൽ.

Topics:
Social Icons Share on Facebook Social Icons Share on Google +