വേദനിക്കുന്ന ഓര്‍മ്മകള്‍ നല്‍കി മോനിഷ മടങ്ങിയിട്ട് കാല്‍നൂറ്റാണ്ട്

നടി മോനിഷയുടെ ഓർമ്മയായിട്ട് ഇന്ന് കാൽ നൂറ്റാണ്ട്. ഇന്നും മോനിഷയെന്ന യുവസുന്ദരി മലയാള ചലച്ചിത്ര പ്രേക്ഷകരുടെ മനസിൽ വാടാത്ത പുഷ്പമായി ജീവിക്കുന്നു.

ആദ്യചിത്രമായ നഖക്ഷതങ്ങളിലൂടെ തന്റെ പ്രതിഭ തെളിയിച്ച അഭിനേത്രിയായിരുന്നു മോനിഷ. മികച്ച നടിക്കുള്ള ദേശീയ അവാർഡ് നഖക്ഷതങ്ങളിലൂടെ മോനിഷ സ്വന്തമാക്കിയപ്പോൾ കേരളം അവരെ നെഞ്ചോടു ചേർത്ത് അഭിമാനിച്ചു. 15 വയസുമാത്രമേ അന്ന് മോനിഷക്ക് ഉണ്ടായിരുന്നുള്ളു. ഏറ്റവും കുറഞ്ഞ പ്രായത്തിൽ ദേശീയ അവാർഡ് നേടുന്ന നടി ഇന്നും മോനിഷ മാത്രം.

മരണമെന്ന വില്ലൻ ജീവിതത്തിലേക്ക് കടന്നു വന്ന 21 വയസുവരെ മോനിഷ എത്തിപ്പിടിച്ചത് ഒരു മനുഷ്യായുസിന്റെ നേട്ടങ്ങളാണ്. 1986 മുതൽ സിനിമയിൽ സജീവമായ മോനിഷ ആര്യൻ, അധിപൻ, പെരുന്തച്ചൻ, കടവ് കമലദളം തുടങ്ങി 21 ഓളം ചിത്രങ്ങളിൽ വേഷമിട്ടു. മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലിനൊപ്പം അനിയത്തിയായും നായികയായും മോനിഷ ശ്രദ്ധേയവേഷങ്ങൾ ചെയ്തു. അക്കാലത്ത് യുവാക്കളുടെ പ്രിയ ജോഡികളായികുന്നു മോനിഷയും വിനീതും. നഖക്ഷതങ്ങൾ, പെരുന്തച്ചൻ, കമലദളം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ വിനീതും മോനിഷയും ജോഡികളായി വേഷമിട്ടു. തമിഴിലും കന്നടയിലും ഈ പ്രായത്തിനുള്ളിൽ അവർ തന്റെ കയ്യൊപ്പ് ചാർത്തി.

അഭിനയത്തോടൊപ്പം നൃത്തത്തിലും കഴിവ് തെളിയിച്ച നടിയായിരുന്നു മോനിഷ. കർണാടക സർക്കാർ മികച്ച ഭരതനാട്യം നർത്തകികൾക്ക് നൽകുന്ന കൗശിക അവാർഡും മോനിഷ നേടി. പി നാരായണൻ ഉണ്ണിയുടെയും ശ്രീദേവിയുടെയും മകളായി കോഴിക്കോട് ജനിച്ച മോനിഷ മലയാളികളുടെ പ്രിയങ്കരിയായത് വളരെ പെട്ടെന്നായിരുന്നു. ഉദിച്ചുയർന്ന ആ താരം പൊലിഞ്ഞുപോയതും അതേവേഗതയിൽ തന്നെ. 1992 ഡിസംബർ 5ന് ചേർത്തലയിൽ ഉണ്ടായ വാഹനാപകടമാണ് മലയാള സിനിമയുടെ മുഖശ്രീയായിരുന്ന മോനിഷയുടെ ജീവൻ അപഹരിച്ചത്. മോനിഷയുടെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ.

Topics:
Social Icons Share on Facebook Social Icons Share on Google +