തെളിവുകൾ ഹാജരാക്കുന്നതിൽ കേന്ദ്രസർക്കാരിന്‍റെ ഗുരുതരവീഴ്ച; വിജയ് മല്യ സ്വതന്ത്രനായേക്കും

ലണ്ടന്‍ : വിജയ് മല്യ തട്ടിപ്പ് നടത്തിതിന് തെളിവില്ലെന്ന് മല്യയുടെ അഭിഭാഷകർ. ബ്രിട്ടണിലെ ക്രിമിനൽ അഭിഭാഷകയായ ക്ലെയർ മോണ്ട്‌ഗോമെറിയാണ് മല്യയ്ക്കായി ഹാജരാകുന്നത്.  മല്യയെ ഇന്ത്യക്ക് കൈമാറണമെന്ന കേസിൽ ബ്രിട്ടണിലെ വെസ്റ്റ്മിൻസ്റ്റർ കോടതിയിൽ വിചാരണ നടന്നുവരികയാണ്.

തിങ്കളാഴ്ചയാണ് വിജയ് മല്യയുടെ കേസിൽ വിചാരണ ആരംഭിച്ചത്. തട്ടിപ്പ് കേസിൽ മല്യ ഇന്ത്യയിൽ വിചാരണ നേരിടേണ്ടതുണ്ടെന്ന് ഇന്ത്യക്കായി ഹാജരാകുന്ന ക്രൗൺ പ്രോസിക്യൂഷൻ സർവീസ് വിചാരണയുടെ ആദ്യ ദിനത്തിൽ കോടതിയെ അറിയിച്ചു. എന്നാൽ ഇന്ത്യക്കുവേണ്ടി സി.പി.എസ്. ഹാജരാക്കിയിട്ടുള്ള തെളിവുകൾ മല്യയ്‌ക്കെതിരേ ആരോപിച്ചിട്ടുള്ള കുറ്റങ്ങൾ തെളിയിക്കുന്നതല്ലെന്ന് മല്യയ്ക്കായി ഹാജരായ അഭിഭാഷകൻ മോണ്ട്‌ഗോമെറി കോടതിയെ ധരിപ്പിച്ചു. കുറ്റങ്ങൾ തെളിയിക്കുന്നതിനാവശ്യമായ തെളിവുകൾ ഹാജരാക്കുന്നതിൽ ഇന്ത്യൻ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരവീഴ്ചയാണിതെന്നും അവർ ചൂണ്ടിക്കാട്ടി.

വായ്പ തിരിച്ചടയ്ക്കാതിരിക്കാൻ മല്യ മുൻകൂട്ടി തീരുമാനിച്ചിരുന്നെന്ന ആരോപണം തെളിയിക്കാൻ ഇന്ത്യ ഹാജരാക്കിയ തെളിവുകൾ മതിയാവില്ലെന്ന് മോണ്ട്‌ഗോമെറി പറഞ്ഞു. വിവിധ ബാങ്കുകളെ തെറ്റിദ്ധരിപ്പിച്ച് വായ്പയെടുക്കുക, വായ്പയെടുത്ത പണം തെറ്റായരീതിയിൽ ചെലവഴിക്കുക, വായ്പ തിരിച്ചടയ്ക്കാതെ വിദേശത്തേക്ക് കടക്കുക എന്നീ വഞ്ചനകളാണ് മല്യ ചെയ്തതെന്ന് സി.പി.സി. പറഞ്ഞു.

Social Icons Share on Facebook Social Icons Share on Google +