പടയൊരുക്കത്തിന്റെ സമാപനം നാളെ തിരുവനന്തപുരത്ത്; രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കത്തിന്റെ സമാപനം നാളെ തിരുവനന്തപുരത്ത്. രാഹുൽ ഗാന്ധി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. പൂന്തുറയിലേയും വിഴിഞ്ഞത്തേയും ഓഖി ദുരന്ത മേഖലകളും രാഹുൽ ഗാന്ധി സന്ദർശിക്കും.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെയാണ് കാസർകോട് മുതൽ തിരുവനന്തപുരം വരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യുഡിഎഫ് പടയൊരുക്കം നയിച്ചത്. ഡിസംബർ ഒന്നിനാണ് സമാപന സമ്മേളനം നിശ്ചയിച്ചിരുന്നതെങ്കിലും ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റുകയായിരുന്നു.

14ന് വൈകിട്ട് 5 മണിക്ക് എഐസിസി നിയുക്ത പ്രസിഡന്റ് രാഹുൽ ഗാന്ധി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർക്ക് പുറമേ യുഡിഎഫ് ഘടകകക്ഷി നേതാക്കളും പങ്കെടുക്കും.

യാത്രാ ക്യാപ്റ്റനായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യാത്രാനുഭവങ്ങൾ വിവരിച്ചുകൊണ്ട് സംസാരിക്കും. ഒരു ലക്ഷത്തോളം പ്രവർത്തകർ സമാപന സമ്മേളനത്തിൽ അണിനിരക്കും. ഗതാഗതക്കുരുക്ക് മുന്നിൽ കണ്ട് 4 മണിക്ക് മുമ്പ് തന്നെ ഗ്രൗണ്ടിൽ പ്രവേശിക്കണമെന്ന് പ്രവർത്തകർക്ക് സംഘാടകർ നിർദ്ദേശം നൽകിയിട്ടുണ്ട്.

രാവിലെ തിരുവനന്തപുരത്തെത്തുന്ന രാഹുൽ ഗാന്ധി 11 മണിക്ക് ഓഖി ദുരന്ത ബാധിത പ്രദേശങ്ങളായ പൂന്തുറയിലും വിഴിഞ്ഞത്തും സന്ദർശനം നടത്തും.

3 മണിക്ക് തൈക്കാട് പൊലീസ് ഗ്രൗണ്ടിൽ നടക്കുന്ന ബേബി ജോൺ അനുസ്മരണവും രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും.

Social Icons Share on Facebook Social Icons Share on Google +