സാന്ത്വനവുമായി രാഹുല്‍ ഗാന്ധി ഓഖി ദുരന്ത തീരത്ത്; പൂന്തുറയും  വിഴിഞ്ഞവും കന്യാകുമാരിയും സന്ദര്‍ശിച്ചു

തിരുവനന്തപുരം : ജില്ലയിലെ ഓഖി ദുരന്ത ബാധിത പ്രദേശങ്ങള്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു.  പൂന്തുറയില്‍ മരണപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് ആദരമര്‍പ്പിച്ച് അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി. ദുരന്തമേഖല സന്ദര്‍ശിക്കാന്‍ വൈകിയതില്‍ മാപ്പ് ചോദിച്ച രാഹുല്‍ ഗാന്ധി മത്സ്യത്തൊഴിലാളികള്‍ക്ക് ഇടയിലേയ്ക്ക് ഇറങ്ങിച്ചെന്ന് അവരുടെ ആവലാതികള്‍ കേട്ടറിഞ്ഞു.

നഷ്ടപ്പെട്ട ഉറ്റവരെ തിരികെ നല്‍കാനാകില്ലെങ്കിലും തങ്ങളാല്‍ കഴിയുന്ന എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു. ഇനിയും തിരിച്ചെത്തിയിട്ടില്ലാത്തവര്‍ക്കായുള്ള തെരച്ചിലിന് വേണ്ട എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിയുടെ ആദ്യ കേരള സന്ദര്‍ശനമാണ് ഇത്.  തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന രാഹുല്‍ ഗാന്ധി ഓഖി ദുരന്തമേഖലകളില്‍ സന്ദര്‍ശനം നടത്തി.

രാവിലെ പൂന്തുറയിലും  വിഴിഞ്ഞത്തുമാണ് രാഹുല്‍ സന്ദര്‍ശനം നടത്തിയത്. തുടര്‍ന്ന് കന്യാകുമാരിയിലെ ചിന്നത്തുറയില്‍ സെന്റ് ജൂഡ്‌സ് കോളജ് ഗ്രൗണ്ടില്‍ മത്സ്യത്തൊഴിലാളികളെ അഭിസംബോധന ചെയ്തു.

അല്‍പസമയത്തിനകം തൈക്കാട് പോലീസ് ഗ്രൗണ്ടില്‍ ബേബി ജോണ്‍ ജന്മശതാബ്ദി ആഘോഷച്ചടങ്ങില്‍ പങ്കെടുക്കും. വൈകുന്നേരം അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പടയൊരുക്കത്തിന്‍റെ സമാപനസമ്മേളനം രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്യും.

Social Icons Share on Facebook Social Icons Share on Google +