വാജിബിന് സുവര്‍ണചകോരം, മികച്ച നവാഗത സംവിധായകന്‍ സഞ്ജു സുരേന്ദ്രന്‍, നെറ്റ്പാക് പുരസ്‌കാരം നേടി തൊണ്ടിമുതലും ദൃക്‌സാക്ഷിയും

മലയാളത്തിന് മൂന്ന് പുരസ്കാരം സമ്മാനിച്ച് 22ആമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി. നിശാഗന്ധിയില്‍ നടന്ന സമാപന ചടങ്ങുകളോടെയാണ് എട്ട് നാൾ നീണ്ട ചലച്ചിത്ര മേളയ്ക്ക് തിരശ്ശീല വീണത്.  മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ആന്‍ മേരി ജസീര്‍ സംവിധാനം ചെയ്ത ഫലസ്തീനിയന്‍ ചിത്രം വാജിബിന് ലഭിച്ചു. മേളയിലെ മികച്ച നവാഗത സംവിധായകനുള്ള രജതചകോരം പുരസ്‌കാരത്തിന് മലയാളിയായ സഞ്ജു സുരേന്ദ്രന്‍ (ചിത്രം : ഏദന്‍) അര്‍ഹനായി.  മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരവും സഞ്ജു സുരേന്ദ്രന്‍റെ ഏദന്‍ സ്വന്തമാക്കി.

സജീവ് പാഴൂരിന്റെ തിരക്കഥയില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയുമാണ് നെറ്റ്പാക് പുരസ്‌കാരത്തിന് അര്‍ഹമായ മലയാള ചിത്രം.

മികച്ച സംവിധായകനുള്ള രജതചകോരം പുരസ്‌കാരത്തിന് മലില ദ ഫെയര്‍വെല്‍ ഫ്‌ളവര്‍ എന്ന തായ് ചിത്രം സംവിധാനം ചെയ്ത അനൂച ബൂന്യവതന അര്‍ഹയായി.

ജോണി ഹെന്റിക്‌സ് സംവിധാനം ചെയ്ത കൊളംബിയന്‍ ചിത്രം കാന്‍ഡലേറിയ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി.

മികച്ച ചിത്രത്തിനുള്ള നെറ്റ്പാക്, ഫിപ്രസി പുരസ്‌കാരങ്ങള്‍ ന്യൂട്ടന്‍ (സംവിധായകന്‍ : അമിത് മസൂര്‍ക്കര്‍) എന്ന ഇന്ത്യന്‍ ചിത്രം നേടി.

ഐ സ്റ്റില്‍ ഹൈഡ് ടു സ്‌മോക്ക് രാജ്യാന്തര ചലച്ചിത്രമേളയിലെ ജനപ്രിയ ചിത്രം

Topics:
Social Icons Share on Facebook Social Icons Share on Google +