ആഷസ് പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ

ഇംഗ്ലണ്ടിനെ പെർത്ത് ടെസ്റ്റിൽ ഒരിന്നിംഗ്‌സിനും 41 റൺസിനും പരാജയപ്പെടുത്തി ഓസ്‌ട്രേലിയ ആഷസ് സ്വന്തമാക്കി. ജോഷ് ഹാസൽവുഡിനു മുന്നിൽ തകർന്ന ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സിൽ 218 റൺസിനു ഓൾഔട്ട് ആവുകയായിരുന്നു.

ആഷസ് പരമ്പരയിലെ നിർണായകമായ മൂന്നാം ടെസ്റ്റിന്റെ അവസാന ദിനം മഴ ഇംഗ്ലണ്ടിന് രക്ഷകനായെത്തുമെന്ന് തോന്നിയെങ്കിലും അനിവാര്യമായ വിജയം ഓസ്‌ട്രേലിയ പിടിച്ചെടുത്തു. ഇന്നിങ്‌സിനും 41 റൺസിനുമാണ് ഓസീസിന്റെ ആധികാരിക വിജയം. രണ്ടു ടെസ്റ്റുകൾ ബാക്കിനിൽക്കെ ആദ്യ രണ്ടു ടെസ്റ്റുകളും ജയിച്ച ആതിഥേയർ ഇതോടെ 3-0 ത്തിന് ആഷസ് പരമ്ബരയും തിരിച്ചുപിടിച്ചു. രണ്ട് ഇന്നിങ്‌സിലുമായി 8 വിക്കറ്റ് വീഴ്ത്തിയ ഹാസിൽവുഡാണ് ഇംഗ്ലണ്ടിന്റെ പതനം വേഗത്തിലാക്കിയത്.

മഴമൂലം അഞ്ചാം ദിനം അൽപം വൈകി ആരംഭിച്ച മത്സരത്തിൽ ഇംഗ്ലണ്ടിന് സമനില പിടിക്കണമെങ്കിൽ വാലറ്റം അപ്രതീക്ഷിത പ്രകടനം പുറത്തെടുക്കണമായിരുന്നു. എന്നാൽ ഒരാൾ പോലും ചെറിയ ചെറുത്തുനിൽപ്പിന് ശ്രമിക്കാതെ കൂടാരം കയറിയതോടെ അർഹിച്ച വിജയം ഓസീസിനൊപ്പം നിന്നു. ഒന്നാം ഇന്നിങ്‌സിൽ 259 റൺസിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇംഗ്ലണ്ട് 218 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. രണ്ടാം ഇന്നിങ്‌സിൽ 5 പിഴുതെടുത്ത ഹാസിൽവുഡാണ് ഇംഗ്ലണ്ടിന്റെ നട്ടെല്ലൊടിച്ചത്. കുമ്മിൻസും ലയോണും രണ്ട് വിക്കറ്റും സ്റ്റാർക്ക് ഒരു വിക്കറ്റും നേടി.

നേരത്തെ ഒന്നാം ഇന്നിങ്‌സിൽ ഇരട്ട സെഞ്ച്വറി കുറിച്ച ക്യാപ്റ്റൻ സ്മിത്തിന്റെയും കരിയറിലെ ആദ്യ സെഞ്ച്വറി നേടിയ മിച്ചർ മാർഷിന്റെയും പിൻബലത്തിലാണ് ഓസീസ് കൂറ്റൻ സ്‌കോർ ഇംഗ്ലണ്ടിന് മുന്നിലേക്ക് വച്ചത്.

Social Icons Share on Facebook Social Icons Share on Google +