അതിശൈത്യത്തിൽ മരവിച്ച് കിഴക്കൻ യുഎസും കാനഡയും

അതിശൈത്യത്തിൽ മരവിച്ച് കിഴക്കൻ യുഎസും കാനഡയും. ‘ബോംബ് സൈക്ലോൺ’ പ്രതിഭാസമാണെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. കാനഡയിലെ നോർത്തേൺ ഒന്‍റാറിയോയിലും ക്യൂബക്കിലും താപനില മൈനസ് 50 ഡിഗ്രിയിലേക്കെത്തുകയാണ്. കൊടും ശൈത്യത്തിൽ 20 ഓളം പേർ മരിച്ചു.

കൊടുംശീതക്കാറ്റിനെത്തുടർന്ന് അതിശൈത്യത്തിൽ കിഴക്കൻ യുഎസും കാനഡയും സ്തംഭിച്ചിരിക്കുകയാണ്.. വിമാന സർവീസുകളും മറ്റും വ്യാപകമായി തടസ്സപ്പെട്ടു. കാലാവസ്ഥാ നിരീക്ഷകർ ‘ബോംബ് സൈക്ലോൺ’ എന്നു വിളിക്കുന്ന പ്രതിഭാസമാണിത്. കാനഡയിലെ നോർത്തേൺ ഒന്റാറിയോയിലും ക്യൂബക്കിലും താപനില മൈനസ് 50 ഡിഗ്രിയിലേക്കെത്തുകയാണെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

കിഴക്കൻ അമേരിക്കയുടെ മൂന്നിൽ രണ്ടു ഭാഗത്തും താപനില ഇനിയും താഴാനാണു സാധ്യത. കൊടുംതണുപ്പു മൂലമുണ്ടാകുന്ന, ഫ്രോസ്റ്റ് ബൈറ്റ് എന്ന ശരീരവീക്കം സൂക്ഷിക്കണമെന്നും മുന്നറിയിപ്പു നൽകിയിട്ടുണ്ട്. അമേരിക്കയുടെ കിഴക്കൻ തീരത്ത് കനത്ത മഞ്ഞുവീഴ്ചയും ശീതക്കാറ്റും മൂലം ആയിരക്കണക്കിനു വിമാന സർവീസുകളാണ് റദ്ദാക്കിയത്. ആയിരക്കണക്കിനു സർവീസുകൾ വൈകുന്നുമുണ്ട്. അതിശൈത്യം അടുത്തയാഴ്ചയും തുടരാൻ സാധ്യതയുണ്ടെന്നും കനത്ത മഞ്ഞുവീഴ്ച മൂലം റോഡ് ഗതാഗതം തടസ്സപ്പെട്ടേക്കാമെന്നും യുഎസ് നാഷനൽ വെതർ സർവീസ് മുന്നറിയപ്പു നൽകിയിട്ടുണ്ട്. കാനഡയിലും രണ്ടാഴ്ചയോളമായി കനത്ത ശൈത്യമാണ്. മോൺട്രിയൽ, ടൊറന്റോ വിമാനത്താവളങ്ങളിൽനിന്നുള്ള പല സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.

Social Icons Share on Facebook Social Icons Share on Google +