കേന്ദ്രം കനിഞ്ഞെങ്കിലും രാജസ്ഥാനില്‍ പ്രദര്‍ശനാനുമതിയില്ല; 25ന് ‘പത്മാവത്’ തീയേറ്ററിലെത്തും

കേന്ദ്രം കനിഞ്ഞെങ്കിലും സഞ്ജയ് ലീല ബൻസാലി ചിത്രം പത്മാവതിയ്ക്ക് രാജസ്ഥാനില്‍ പ്രദര്‍ശനാനുമതിയില്ല. സംസ്ഥാന സര്‍ക്കാരാണ് ചിത്രത്തിന് സംസ്ഥാനത്ത് പ്രദര്‍ശനാനുമതി നിഷേധിച്ചത്.

സെൻസർബോർഡ് കുരുക്കിൽപ്പെട്ട സഞ്ജയ് ലീല ബൻസാലി ചിത്രം പത്മാവതി ഈ മാസം 25ന് തിയേറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിക്കപ്പെട്ട ഉടന്‍ തന്നെ രാജസ്ഥാന്‍ സര്‍ക്കാരിന്‍റെ വിലക്കും എത്തി.  സെൻസർ ബോർഡ് നിർദ്ദേശാനുസരണം പേരിലുള്‍പ്പെടെ മാറ്റങ്ങളോടെയാണ് ചിത്രം തീയേറ്ററില്‍ എത്തുന്നത്.  ചിത്രം കാണാൻ നിയോഗിച്ച ആറംഗ വിദഗ്ദ സമിതിയുടെ നിർദ്ദേശപ്രകാരമുള്ള ഉപാധികൾ അംഗീകരിച്ചാണ് ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റ് നൽകിയത്.

വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമൊടുവിൽ സെൻസർബോർഡ് കത്തിവെച്ച 24 സീനുകളും പേരുംമാറ്റി പത്മാവത് എന്ന പേരിൽ ചിത്രം പ്രേഷകരിലേക്ക്. ചരിത്രകാരന്മാരും രാജകുടുംബാംഗങ്ങളും ഉൾപ്പെട്ട സമിതിയാണ് ബോർഡിന് ചിത്രത്തിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചുള്ള നിർദേശം നൽകിയത്. ചിത്രത്തിന് ചരിത്രവുമായി ബന്ധമില്ലെന്ന് എഴുതി കാണിക്കുകയും വേണമെന്നുള്ള ഉപാധികളും നിർദ്ദേശിച്ചിരുന്നു. ചരിത്രത്തെ വളച്ചൊടിക്കുന്ന സിനിമ പ്രദർശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് മുതിർന്ന രാഷ്ട്രീയക്കാരുൾപ്പെടെ നിരവധി പേർ സിനിമയ്‌ക്കെതിരേ രംഗത്തെത്തിയിരുന്നു. രജപുത്ര രാജ്ഞി റാണി പത്മിനിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് പദ്മാവത്. റാണി പദ്മിനിയോട് ഖിൽജി രാജവംശത്തിലെ സുൽത്താൻ അലാവുദ്ദീൻ ഖിൽജിക്ക് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. ദീപികയാണ് റാണി പദ്മിനിയായി പ്രേക്ഷകർക്ക് മുമ്പിലെത്തുന്നത്. രൺവീർ സിംഗാണ് അലാവുദ്ദീൻ ഖിൽജി. റാണി പദ്മിനിയുടെ ഭർത്താവ് രത്തൻ സിംഗിന്റെ വേഷത്തിൽ ഷാഹിദ് കപൂറുമെത്തുന്നു.

ചിത്രം ഡിസംബർ ആദ്യം റിലീസിനെത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് മാറ്റുകയായിരുന്നു. സെൻസർ ബോർഡിൻറെ ആവശ്യങ്ങൾ അംഗീകരിച്ചു ഈ മാസം 25ന് ചിത്രം റിലീസ് ചെയ്യാനുള്ള തീരുമാനത്തിലാണ് നിർമ്മാണ കമ്പനിയായ വയാകോം18.

Social Icons Share on Facebook Social Icons Share on Google +