ലോക കേരള സഭയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുത്ത രീതി സംബന്ധിച്ച് ആക്ഷേപം

തിരുവനന്തപുരം : ഈ മാസം 12, 13 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന ലോക കേരള സഭയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുത്ത രീതി സംബന്ധിച്ച് ആക്ഷേപം ഉയരുന്നു. സിപിഎം അനുഭാവികളായ പ്രവാസികളെ മാത്രമാണ് സഭയിൽ ഉൾപ്പെടുത്തിയതെന്നും ചിലരിൽ നിന്ന് ലക്ഷങ്ങൾ വാങ്ങിയാണ് സഭാ അംഗത്വം ഉറപ്പാക്കിയതെന്നും ആരോപണമുണ്ട്. അതേസമയം, സംസ്ഥാനത്ത് ശമ്പളം കൊടുക്കാൻ പോലും പണമില്ലാത്ത ഘട്ടത്തിലാണ് സർക്കാരിന്റെ ഈ ധൂർത്ത് എന്നതും ആരോപണങ്ങളുടെ മൂർച്ച കൂട്ടുന്നു.

കേരളത്തിന് പുറത്ത് താമസിക്കുന്ന ഇന്ത്യന്‍പൗരന്‍മാരായ മലയാളികള്‍ക്കായാണ് ലോക കേരള സഭ വരുന്നത്. 351 പേരുടെ അംഗബലമുള്ള സഭയാണിത്. കേരള നിയമസഭയിലെ മുഴുവന്‍അംഗങ്ങളും കേരളത്തെ പ്രതിനിധാനം ചെയ്യുന്ന പാര്‍ലിമെന്റ് അംഗങ്ങളും ലോക കേരള സഭയില്‍ അംഗങ്ങളാണ്. കൂടാതെ, ഇന്ത്യന്‍ പൗരന്‍മാരായ കേരളീയ പ്രവാസികളെ പ്രതിനിധീകരിച്ച് 178 അംഗങ്ങളെയും കേരള സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്നുണ്ട്. ഈ 178 പേരില്‍ 42 പേര്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും 100 പേര്‍, ഗള്‍ഫ് ഉള്‍പ്പടെയുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. ബാക്കിയുള്ള 36 പേരില്‍ ആറ് പേര്‍ പ്രവാസം കഴിഞ്ഞ് തിരിച്ചെത്തിയവരും 30 പേര്‍വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമാണെന്നാണ് നിയമം. എന്നാല്‍, പേരിന് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വീതം വെച്ച് അംഗങ്ങളെ നല്‍കിയത് ഒഴിച്ചാല്‍ ബഹുഭൂരിഭാഗവും സിപിഎം ഉള്‍പ്പടെയുള്ള ഇടത് അനുഭാവികളാണെന്നാണ് ആക്ഷേപം. ജനുവരി 12, 13 തിയതികളില്‍ കേരള നിയമസഭാ ആസ്ഥാനത്താണ് ലോക കേരള സഭയുടെ പ്രഥമ യോഗം ചേരുന്നത്. രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ എങ്കിലും സഭ യോഗം ചേരാനാണ് തീരുമാനം. ഇപ്രകാരം സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍, കേരള നിയമസഭാ അംഗങ്ങള്‍ എന്ന എം എല്‍എമ്മാരെ പോലെയാണെന്ന് വരെ, തെറ്റിദ്ധരിപ്പിച്ചാണ് ഈ പദവികള്‍ നല്‍കുന്നതെന്നും ആക്ഷേപമുണ്ട്. ഈ പദവികള്‍ക്കായി ലക്ഷങ്ങള്‍വരെ പണം കൊടുത്ത പ്രവാസികളും നിരവധിയാണത്രെ. ഒരു മാനദണ്ഡവും ഇല്ലാതെ, ഭരിക്കുന്ന പാര്‍ട്ടിയുടെ ഇഷ്ടക്കാരെ മാത്രമാണ് ഇപ്രകാരം ലോക കേരള സഭയിലേക്ക് ഉള്‍പ്പെടുത്തിയെന്നും ഇനിയും പ്രവാസ ലോകത്ത് ഇതേ കുറിച്ച് അറിയാത്തവര്‍ നിരവധിയാണെന്നും പരാതിയുണ്ട്.

ഗള്‍ഫ് ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളില്‍ കാക്കത്തൊള്ളായിരം മലയാളി സംഘടനകള്‍ നല്‍കുന്ന നിവേദനങ്ങള്‍ക്ക് പുറമെ സംസ്ഥാന സര്‍ക്കാരിന് നോര്‍ക്ക എന്ന വകുപ്പും ഉണ്ട്. ഇപ്രകാരം, പ്രവാസികളുടെ പ്രശ്‌നങ്ങള്‍ നോര്‍ക്ക വഴി പഠിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. പിന്നെ എന്തിനാണ് ഇത്തരത്തില്‍ കോടികള്‍ചെലവഴിച്ച് ഈ മാമാങ്കം എന്നും ഇവര്‍ ചോദിക്കുന്നു. പ്രവാസ ലോകത്തെ മലയാളി എഴുത്തുക്കാര്‍ ഉള്‍പ്പടെയുള്ള സംസ്‌ക്കാരിക കേരളം, ഇതിനെതിരെ പരസ്യമായി രംഗത്ത് വന്ന് കഴിഞ്ഞു. ശമ്പളം പോലും കൊടുക്കാന്‍ബുദ്ധിമുട്ടുന്ന സംസ്ഥാനത്ത്, കോടികള്‍ മുടക്കി എന്തിനാണ് ഈ ധൂര്‍ത്ത് എന്നാണ് ഇവരുടെ ചോദ്യം. ഇങ്ങിനെ, ‘പ്രവാസി എം.എല്‍.എ’ എന്ന പട്ടം ചാര്‍ത്തി, പ്രവാസി മലയാളികളെ അപഹാസ്യരാക്കുന്നതാണ് ലോക കേരള സഭയെന്നും ആക്ഷേപമുണ്ട്. അതേസമയം, കടുത്ത സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് തിരിച്ചെത്തിയ പ്രവാസികള്‍ക്ക് പ്രവാസി വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയും സര്‍ക്കാരും ഇതുവരെ ഒന്നും ചെയ്തിട്ടില്ല എന്ന പരാതികള്‍ക്കിടെയാണ് ഈ ധൂര്‍ത്ത് എന്നതും ആരോപണങ്ങളുടെ ഗൗരവം വര്‍ധിപ്പിക്കുന്നു.

Social Icons Share on Facebook Social Icons Share on Google +