ബിജെപി സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ബഹ്റൈന്‍ : ബിജെപി സർക്കാരിനെതിരെ ആഞ്ഞടിച്ചു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.  അതിഥിയായെത്തിയ രാജ്യത്തിന്‍റെ ഉന്നമനത്തിനായി പരിശ്രമിക്കുന്ന പ്രവാസികളെ അഭിനന്ദിച്ച രാഹുല്‍ ഗാന്ധി പ്രവാസികള്‍ക്ക് സ്വന്തം രാജ്യത്തിന്‍റെ ദയനീയ സ്ഥിതി ചൂണ്ടിക്കാണിക്കുകയാണെന്ന് പറഞ്ഞാണ് രാജ്യത്തിന്റെ  ഗുരുതരാവസ്ഥയെക്കുറിച്ച് പറഞ്ഞത്. സ്വന്തം വീട്ടിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്‍റെ  പ്രാധാന്യം പോലെ തന്നെ പ്രവാസികളും ചേർന്നുവേണം ഈ ദുരവസ്ഥയില്‍ നിന്നു ജനങ്ങളെയും രാജ്യത്തെയും രക്ഷിക്കാനെന്നും രാഹുൽ പറഞ്ഞു.   ജാതിയുടെയും മതത്തിന്റെയും പേരിൽ സർക്കാർ ജനങ്ങളെ വിഭജിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ജനങ്ങളിൽ വിദ്വേഷം വളർത്തുകയാണവർ.  തൊഴിലില്ലായ്മയും രൂക്ഷമാണ്.  കൂടുതൽ തൊഴിലുകളും തൊഴിലവസരങ്ങളും സൃഷ്ടിക്കുക, ആരോഗ്യരംഗം മെച്ചപ്പെടുത്തുക, വിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്തുക എന്നീ കാര്യങ്ങള്‍ക്കാണ്  കോണ്‍ഗ്രസ് മുൻതൂക്കം നൽകുന്നതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.  പ്രവാസി കൂട്ടായ്മയായ ‘ഗോപിയോ’യുടെ ത്രിദിന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത ആറുമാസത്തിനുള്ളിൽ തിളക്കമാർന്ന കോൺഗ്രസിനെ കാണാനാകുമെന്നും  2019ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ബിജെപിയെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അതിനുള്ള ശക്തിയും കഴിവും ഇപ്പോൾ കോൺഗ്രസിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യാക്കാരുടെ സ്വാതന്ത്ര്യം  ഒരിക്കൽ കൂടി ഭീഷണിയിലായിരിക്കുകയാണ്. ജനങ്ങളെ അടിച്ചമര്‍ത്താന്‍ അവര്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുന്ന ഭരണകര്‍ത്താക്കള്‍ സൃഷ്ടിക്കുന്ന രണ്ടു പ്രധാന ഭീഷണികളാണ് ഇന്ന് ഇന്ത്യ അഭിമുഖീകരിക്കുന്നത്. തൊഴിലില്ലായ്മയും ജനങ്ങൾക്കിടയിൽ വളരുന്ന വിദ്വേഷവും. എന്നാൽ ഈ രണ്ടു പ്രശ്നങ്ങളും  പരിഹരിക്കാവുന്നതാണെന്നും അദ്ദേഹം ബഹ്റൈനില്‍ പറഞ്ഞു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുകയാണു തന്റെ സന്ദർശനോദ്ദേശം.  ഇന്ത്യയെ മാറ്റുന്നതിനായി  പ്രവാസികളുടെ സഹായമഭ്യർഥിക്കുകയാണെന്നും കുടുംബത്തിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ വീടും പ്രവാസലോകവുമായുള്ള പാലം തീര്‍ക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

Social Icons Share on Facebook Social Icons Share on Google +