വിദേശനിക്ഷേപങ്ങൾക്ക് രാജ്യത്ത് സമ്പൂർണ ഇളവ്; എയർ ഇന്ത്യയിൽ 49 ശതമാനം നിക്ഷേപത്തിന് അനുമതി

ഡൽഹി : വിദേശനിക്ഷേപങ്ങൾക്ക് രാജ്യത്ത് സമ്പൂർണ ഇളവ് പ്രഖ്യാപിച്ചു.  എയർ ഇന്ത്യയിൽ 49 ശതമാനം നിക്ഷേപം നടത്താന്‍ വിദേശ വിമാനക്കമ്പനികൾക്ക് അനുമതിയും കേന്ദ്ര സർക്കാർ നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായുള്ള ക്യാബിനറ്റ് യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. നോട്ട്‌ നിരോധനം സൃഷ്ടിച്ച പ്രതിസന്ധികൾ നേരിടുന്നതിനായാണ് കേന്ദ്രസർക്കാരിന്‍റെ ഈ നീക്കം.

ചില്ലറ വിൽപന മേഖലയിൽ വിദേശ കമ്പനികൾക്ക് നിക്ഷേപം നടത്തുന്നതിന് നിലവിൽ 100 ശതമാനം ഇളവ് ഉണ്ടെങ്കിലും 49 ശതമാനത്തിന് മുകളിലുള്ള നിക്ഷേപങ്ങൾക്ക് സർക്കാർ അനുമതി ആവശ്യമായിരുന്നു. എന്നാല്‍ പുതിയ പരിഷ്കാരത്തോടെ സർക്കാരിന്‍റെ അനുമതി ഇല്ലാതെ തന്നെ രാജ്യത്ത് ചില്ലറ വിൽപന മേഖലയിൽ വിദേശ കമ്പനികൾക്ക് നേരിട്ട് നിക്ഷേപം നടത്താം. തീരുമാനത്തെ എതിര്‍ത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്ത് വന്നിട്ടുണ്ട്. സ്വിറ്റ്‌സർലണ്ടിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറം ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി, യാത്രക്ക് മുന്നോടിയായി തിരക്കിട്ട് പ്രഖ്യാപനം നടത്തുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

നേരത്തേ, പ്രതിപക്ഷത്തായിരുന്നപ്പോൾ വിദേശ കമ്പനികൾ നിക്ഷേപം നടത്തുന്നതിനെ ബി.ജെ.പി എതിർത്തിരുന്നു.

പുതിയ തീരുമാനം വ്യവസായരംഗത്ത് നിക്ഷേപങ്ങളും തൊഴിലവസരങ്ങളും കൊണ്ടുവരുമെന്നാണ് സർക്കാർ വിശദീകരിക്കുന്നത്.

Social Icons Share on Facebook Social Icons Share on Google +