നൂറാമത് ഉപഗ്രഹ വിക്ഷേപണമെന്ന ചരിത്രനേട്ടം കൈവരിച്ച് ഇന്ത്യ

ശ്രീഹരിക്കോട്ട : നൂറാമത് ഉപഗ്രഹ വിക്ഷേപണമെന്ന ചരിത്രനേട്ടം കൈവരിച്ച് ഇന്ത്യ. ഇന്ത്യയുടെ കാർട്ടോസാറ്റ് 2 എന്ന ഉപഗ്രവുമായി പിഎസ്എൽവി സി 40 ശ്രീഹരിക്കോട്ടയിൽ നിന്നും കുതിച്ചുയർന്നു. 6 വിദേശ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളടക്കം 31 ഉപഗ്രഹങ്ങളുമായാണ് പിഎസ്എൽവി സി 40 വിക്ഷേപിച്ചത്.

രാവിലെ 9.29ന് ശ്രീഹരിക്കോട്ടയിൽ നിന്നും കാർട്ടോസാറ്റ് 2 ബഹിരാകാശത്തേക്കു കുതിച്ചപ്പോൾ ഒപ്പം ഉയർന്നത് ഇന്ത്യയുടെ അഭിമാനം കൂടിയായിരുന്നു. നൂറാമത് ഉപഗ്രഹവിക്ഷേപണമെന്ന ചരിത്ര നേട്ടമാണ് ഐഎസ്ആർഒ ഇതോടെ കൈവരിച്ചത്. ഐഎസ്ആർഒയുടെ 42ാമതു ദൗത്യമാണിത്. വിക്ഷേപണത്തിന്റെ കൗണ്ട് ഡൗൺ ഇന്നലെ പുലർച്ചെ 5.29നാണ് ആരംഭിച്ചത്. ഭൗമനിരീക്ഷണത്തിനായുള്ള കാർട്ടോസാറ്റ്-2 ഉൾപ്പെടെ മുപ്പത്തിയൊന്ന് ഉപഗ്രഹങ്ങളാണ് പേടകത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഇന്ത്യയുടെ കൂടാതെ അമേരിക്ക, കാനഡ, ഫിൻലൻഡ്, ഫ്രാൻസ്, ദക്ഷിണകൊറിയ, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളുമായാണ് പിഎസ്എൽവിസി40 വിക്ഷേപിച്ചത്. റോഡ് മാപ്പിങ്, തീരദേശ നിരീക്ഷണം, ലാൻഡ് മാപ്പിങ് തുടങ്ങിയവയിൽ വലിയ മുന്നേറ്റമാണ് ഉപഗ്രഹ വിക്ഷേപണത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്. ഉന്നത നിലവാരത്തിലുള്ള ചിത്രങ്ങൾ പകർത്തുന്നതിനുള്ള പാൻക്രോമാറ്റിക്, മൾട്ടി സ്‌പെക്ട്രൽ ക്യാമറകൾ കാർട്ടോസാറ്റ്2വിൻറെ പ്രത്യേകതയാണ്. ഉപഗ്രഹങ്ങളടങ്ങിയ പിഎസ്എൽവിസി40 ക്ക് 1323 കിലോഗ്രാമാണ് ഭാരം. ഇതിൽ കാർട്ടോസാറ്റ്2 മാത്രം 710 കിലോയുണ്ട്. കഴിഞ്ഞതവണ പിഎസ്എൽവി സി39 വിക്ഷേപണം പരാജയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ കൃത്യമായ പരിശോധനകൾക്കു ശേഷമാണ് പുതിയ ദൗത്യത്തിലേക്ക് കടന്നത്.ഐഎസ്ആർഒയുടെ പുതിയ ചെയർമാനായി ഡോ. കെ.ശിവൻ ചുമതലയേൽക്കുമ്പോഴാണ് ഈ ചരിത്ര നേട്ടം ഐഎസ്ആർഒ സ്വന്തമാക്കുന്നത്.

Topics:
Social Icons Share on Facebook Social Icons Share on Google +