വിവാദങ്ങൾക്കിടെ ലോക കേരളസഭയ്ക്ക് തുടക്കം; അവഗണനയിൽ പ്രതിഷേധിച്ച് ഡോ. എം.കെ മുനീർ ഇറങ്ങിപ്പോയി

തിരുവനന്തപുരം : വിവാദങ്ങൾക്കിടെ ലോക കേരളസഭയ്ക്ക് തുടക്കമായി. ഇന്നും നാളെയും ആയി നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരും മുൻ മന്ത്രിന്മാരും പങ്കെടുക്കുന്നുണ്ട്. അതിനിടെ സീറ്റ് ക്രമീകരണത്തിലെ അവഗണനയിൽ പ്രതിഷേധിച്ച് ഡോക്ടർ എം.കെ മുനീർ ഇറങ്ങിപ്പോയി. അതേ സമയം പ്രതിനിധികളെ തിരഞ്ഞെടുത്തതിനെ ചൊല്ലി സഭയെ വിവാദവും വിട്ട് ഒഴിയുന്നില്ല.

സഭാനേതാവ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്ഘാടന പ്രസംഗത്തോടെയാണ് പരിപാടികൾക്ക് ആരംഭമായത്. പ്രവാസി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള പൊതുവേദിയായി ലോക കേരളസഭ മാറണമെന്നും പ്രവാസികളുടെ പുനരധിവാസത്തിന് കേന്ദ്ര സർക്കാരിന്റെ സഹായം വേണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തുടർന്ന് സഭയുടെ ഉപനേതാവ് കൂടിയായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

സംസ്ഥാന നിയമസഭയിലെ 141 അംഗങ്ങളും, 20 ലോക്സഭാംഗങ്ങളും, 10 രാജ്യസഭാ അംഗങ്ങളും, നാമനിര്‍ദേശം ചെയ്യപ്പെട്ടവരും, കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിയും ഉള്‍പ്പെടെ 174 പേര്‍ അംഗങ്ങളാകും. കേരളീയ പ്രവാസികളെ പ്രതിനിധീകരിച്ച് 177 പേരെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. 42 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും 99 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരും ആറുപേര്‍ പ്രവാസം കഴിഞ്ഞ് മടങ്ങിയെത്തിയവരുമാണ്. വിവിധ മേഖലകളിലെ 30 പ്രമുഖ വ്യക്തികളെയും നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. ഇതിനുപുറമെ പ്രത്യേക ക്ഷണിതാക്കളായി ഇന്ത്യന്‍ പൌരത്വമില്ലാത്ത കേരളീയരുള്‍പ്പെടെയുള്ള ഏതാനും ആളുകളെയും ഉണ്ട്. ഓരോ സംസ്ഥാനത്തെയും രാജ്യത്തെയും പ്രവാസികളുടെ എണ്ണം, ഭൂപ്രദേശങ്ങളുടെ പ്രാതിനിധ്യം, നിര്‍ദേശിക്കപ്പെടുന്നവര്‍ പൊതുസമൂഹത്തിന് നല്‍കിയ സംഭാവനകള്‍ തുടങ്ങിയവ പരിഗണിച്ചാണ് അംഗങ്ങളെ നിശ്ചയിച്ചത്.

രാജ്യസഭാ ഡപ്യൂട്ടി ചെയർമാൻ പി.ജെ.കുര്യൻ, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, വി.എസ്.അച്യുതാനന്ദൻ, വയലാർ രവി, സംസ്ഥാന മന്ത്രിമാർ കലാ സാംസ്കാരിക മേഖലയിലെ പ്രമുഖർ, പ്രവാസികൾ തുടങ്ങിയവർ പങ്കെടുത്തു.

Social Icons Share on Facebook Social Icons Share on Google +