സുപ്രീംകോടതിയിൽ അസാധാരണ സംഭവികാസങ്ങൾ; കോടതികൾ ബഹിഷ്‌കരിച്ച് നാല് ജഡ്ജിമാരുടെ വാർത്താസമ്മേളനം

ഡല്‍ഹി : സുപ്രീം കോടതിയിൽ അസാധാരണ സംഭവികാസങ്ങൾ. രണ്ട് കോടതികൾ ബഹിഷ്‌കരിച്ച് ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തിൽ നാല് ജഡ്ജിമാർ ചീഫ് ജസ്റ്റിസിനെ വിമർശിച്ചു വാർത്താസമ്മേളനം നടത്തി. സുപ്രീം കോടതിയിലെ പ്രവർത്തനങ്ങൾ ശെരിയായ രീതിയിലല്ലെന്നും മുതിർന്ന ജഡ്ജിമാർ എന്ന നിലയിൽ ചില ഉത്തരവാദിത്വങ്ങൾ ഉള്ളത് കൊണ്ടാണ് വാർത്ത സമ്മേളനം വിളിച്ചതെന്നും ജഡ്ജിമാർ വ്യക്തമാക്കി.

നീതിന്യായ വ്യവസ്ഥതിയിലെ അത്യപൂർവ സംഭവമാണ് ഇന്ന് രാജ്യതലസ്ഥാനത്ത് അരങ്ങേറിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരായ അതൃപ്തി പരസ്യമാക്കി സുപ്രീംകോടതിയിലെ നാല് ജഡ്ജിമാർ വാർത്താസമ്മേളനം നടത്തി. മുതിർന്ന ജഡ്ജിമാരായ ചേലമേശ്വർ, രഞ്ജൻ ഗോഗോയ്, മദൻ ബി. ലോകൂർ, കുര്യൻ ജോസഫ് എന്നിവർ സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ചീഫ് ജസ്റ്റീസിനെതിരേ പരസ്യ നിലപാട് പ്രഖ്യാപിച്ചത്. സുപ്രീംകോടതിയുടെ ഭരണം കുത്തഴിഞ്ഞുവെന്ന ഗുരുതര ആരോപണമാണ് നാല് ജഡ്ജിമാർ ഉന്നയിച്ചത്. കോടതിയുടെ പ്രവർത്തനം സുതാര്യമല്ലെങ്കിൽ ജനാധിപത്യം തകരും. ഈ സാഹചര്യമാണ് സുപ്രീംകോടതിയിൽ നിലനിൽക്കുന്നത്. വിവിധ വിഷയങ്ങളിലുള്ള എതിർപ്പ് ചീഫ് ജസ്റ്റീസിനെ പലഘട്ടങ്ങളിലായി അറിയിച്ചിരുന്നുവെന്നും ജഡ്ജിമാർ വ്യക്തമാക്കി.

എന്നാൽ എതിർപ്പുകൾ അറിയിച്ചെങ്കിലും കാര്യങ്ങൾക്കൊന്നും ഒരു മാറ്റവും സംഭവിക്കാത്തതിനാലാണ് പൊതുസമൂഹത്തോട് ഇക്കാര്യങ്ങൾ തുറന്നുപറയുന്നത്. കുറച്ച് വർഷങ്ങൾ കഴിയുമ്പോൾ തങ്ങൾ ഒന്നും മിണ്ടാതെയും ചെയ്യാതെയും കടന്നുപോയവരാണെന്ന പഴി കേൾക്കേണ്ടതില്ലല്ലോ എന്നോർത്താണ് കാര്യങ്ങൾ പരസ്യമാക്കുന്നതെന്നും ജഡ്ജിമാർ വിശദീകരിച്ചു. ചീഫ് ജസ്റ്റീസിനെ ഇംപീച്ച് ചെയ്യണോ എന്ന കാര്യം രാജ്യം തീരുമാനിക്കട്ടെ എന്നും ജസ്റ്റിസ് ചേലമേശ്വർ പറഞ്ഞു. 2014-ൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ജസ്റ്റീസ് ബി.എച്ച്.ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസാണ് ചീഫ് ജസ്റ്റീസുമായി പുതിയ തർക്കത്തിന് കാരണമായിരിക്കുന്നത്.

Social Icons Share on Facebook Social Icons Share on Google +