സുപ്രീം കോടതിയിലെ തർക്കം : പരിഹാര ശ്രമങ്ങൾ തുടരുന്നു; ജഡ്ജിമാരുമായി ചർച്ച നടത്തിയേക്കും

ഡൽഹി : സുപ്രീം കോടതിയിലെ തർക്കങ്ങൾക്ക് പരിഹാരം കാണാൻ ശ്രമം തുടരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സുപ്രീം കോടതിയിലെ മുഴുവൻ ജഡ്‌ജിമാരെയും വിളിച്ച് ഇന്ന് ചർച്ച നടത്തിയേക്കുമെന്നാണ് സൂചന. നാല് ജഡ്‌ജിമാർ ഇന്നലെ വാർത്ത സമ്മേളനം വിളിച്ച് ഉന്നയിച്ച വിഷയം ഗൗരവതരമെന്നു കോൺഗ്രസ്‌ വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ സുപ്രീം കോടതിയിലെ നാല് മുതിർന്ന ജഡ്‌ജിമാർ രംഗത്തെത്തിയ അസാധാരണ സംഭവമാണ് ഇന്നലെ അരങ്ങേറിയത്. എന്നാൽ വിഷയം സുപ്രീം കോടതിക്കുള്ളിൽ തന്നെ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പ്രശ്നങ്ങൾക്ക് ഇന്ന് പരിഹാരം ഉണ്ടാകുമെന്ന് ഇന്നലെ അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇന്ന് എല്ലാ ജഡ്‌ജിമാരെയും വിളിച്ച് ചർച്ച നടത്തിയേക്കുമെന്നാണ് സൂചന. എന്നാൽ ഇന്നലെ വാർത്ത സമ്മേളനത്തിൽ ഉണ്ടായിരുന്ന ജസ്റ്റിസുമാരായ രഞ്ജൻ ഗോഗോയിയും കുര്യൻ ജോസ്ഫ്ഉം സ്ഥലത്തില്ലാത്തതിനാൽ ഇവർ എത്തിയ ശേഷം ആയിരിക്കും ചർച്ച നടത്തുക എന്നും സൂചനകളുണ്ട്. കേന്ദ്ര സർക്കാരിനെയും പ്രതിസന്ധിയിൽ ആക്കുന്ന സംഭവ വികാസങ്ങൾ ആണ് ഇന്നലെ നടന്നത്. വിഷയത്തിൽ ഇടപെടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും എത്രയും പെട്ടെന്ന് പ്രശ്ന പരിഹാരത്തിനുളള ശ്രമങ്ങൾ കേന്ദ്ര സർക്കാരും പരോക്ഷമായി ആരംഭിച്ചിട്ടുണ്ട്.

അതേസമയം വിഷയത്തെ കോൺഗ്രസ്സും ഏറ്റെടുത്തിട്ടുണ്ട്. ജഡ്ജിമാര്‍ നടത്തിയ വിഷയം ഗൗരവമേറിയത് ആണെന്നും ഇതേപറ്റി വ്യക്തമായ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ്സ് അദ്ധ്യക്ഷൻ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു.

Social Icons Share on Facebook Social Icons Share on Google +