സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനത്തിന് തുടക്കം; വിഭാഗീയതയ്ക്ക് ഒരു അറുതിയുമായില്ലെന്ന് സംഘടനാ റിപ്പോർട്ട്‌

ആലപ്പുഴ : വിഭാഗീയതയ്ക്ക് ഒരു അറുതിയുമായിട്ടില്ല എന്ന സംഘടനാ റിപ്പോർട്ടുമായി സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം. നേതൃത്വത്തെ വരെ വെല്ലുവിളിക്കുന്ന രീതിയിലേക്ക് വിഭാഗീയത വളർന്നു എന്ന് രൂക്ഷമായ വിമർശനവും ജില്ലാ സെക്രട്ടിയേറ്റ് അംഗീകരിച്ച റിപ്പോർട്ടിൽ ഉണ്ട്.

ഏരിയാ സമ്മേളനങ്ങളിൽ ഉണ്ടായ ചേരിതിരിവുകൾ വിലയിരുത്തിയാണ് വിഭാഗീയത ചൂണ്ടിക്കാട്ടി കടുത്ത വിമർശനങ്ങൾ സംഘടനാ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത് .ചേർത്തല, ചാരുംമൂട്, കുട്ടനാട്, അരൂർ ഏരിയാ സമ്മേളനങ്ങളിൽ അതിരൂക്ഷമായ വിഭാഗീയത പുറത്ത് വന്നിരുന്നു. സംഘടനാ പാളിച്ചകൾ കൂടാതെ നിരവധി അഴിമതി ആരോപണങ്ങളും റിപ്പോർട്ടിൽ ഇടം പിടിക്കുമ്പോൾ, ചർച്ച ആകാൻ സാധ്യത ഉള്ള തോമസ് ചാണ്ടി ഭൂമി വിവാദം, സി പി ഐയുമായുള്ള പ്രശ്നങ്ങൾ എന്നിവ സംബന്ധിച്ച് തന്ത്രപരമായ മൗനമാണ് റിപ്പോർട്ടിൽ. സമ്മേളനം നടക്കുന്ന കായംകുളത്തെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളും ഇവിടെ എം എൽ എ പ്രതിഭാഹരിയും പാർട്ടിയും തമ്മിലുള്ള ഭിന്നതകളും റിപ്പോർട്ടിൽ ഉണ്ട്.നേരത്തെ ഉണ്ടായിരുന്ന പോലെ ചേരികൾ ഇപ്പോൾ ഇല്ലെങ്കിലും ഔദ്യോഗിക പക്ഷത്ത് ഒരു വിഭാഗം നേതാക്കൾ വിഭാഗീയ പ്രവർത്തനം നടത്തുന്നു, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ തന്നെ വിഭാഗീയതയ്ക്ക് നേതൃത്വം നൽകുന്നു എന്നീ ഗുരുതര കുറ്റപ്പെടുത്തലുകളും റിപ്പോർട്ടിൽ ഉണ്ട്. സംഘടനാറിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്ന പാർട്ടി പ്രശ്നങ്ങൾക്ക് പുറമെ മറ്റ് വിഷയങ്ങൾ കൂടി ഉയർന്ന് വരുന്നതോടെ ജില്ലാ സമ്മേളനo ചൂടേറിയ വാദപ്രതിവാദങ്ങൾക്ക് വേദിയാകും എന്ന് ഉറപ്പായിക്കഴിഞ്ഞു

Social Icons Share on Facebook Social Icons Share on Google +