സുപ്രീംകോടതി ജഡ്ജിമാരുടെ വാർത്താസമ്മേളനം : ചരിത്രപരമായ അസാധാരണ സംഭവം

ഡൽഹി : ചരിത്രപരമായ സംഭവമായാണ് സുപ്രീം കോടതിയിലെ നാല് മുതിർന്ന ജഡ്‌ജിമാർ നടത്തിയ വാർത്ത സമ്മേളനത്തെ ഏവരും നോക്കിക്കാണുന്നത്. ഏറെ നാളായി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നടപടി ക്രമങ്ങളിലുള്ള വിയോജിപ്പാണ് നാല് ന്യായാധിപന്മാരും പറയാൻ ശ്രമിച്ചത്. കോടതിയിലെ നടപടിക്രമങ്ങളിലുള്ള വ്യതിയാനം ചീഫ് ജസ്റ്റിസിനെ ബോധ്യപ്പെടുത്താൻ ശ്രമിച്ച് പരാജയപ്പെട്ടതിനാലാണ് എന്ന് പറയുമ്പോഴും ജൂഡീഷ്യറിയിലുള്ള രാഷ്ട്രീയ ഇടപെടലാണ് ഇത്തരമൊരു നീക്കത്തിന് ഇവരെ പ്രേരിപ്പിച്ചതെന്ന് വ്യക്തമാണ്. തങ്ങള്‍ നാലുപേരും ആത്മാവ് പണയംവെച്ചു എന്ന് ഭാവി തലമുറ കുറ്റപ്പെടുത്തുന്നത് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല എന്ന തുറന്നു പറച്ചിൽ ജൂഡീഷ്യറി എത്രമാത്രം അപകടത്തിലാണെന്ന മുന്നറിയിപ്പാണ് നൽകുന്നത്.

മുതിർന്ന ജഡ്‌ജിമാരായ ജെ ചെലമേശ്വർ, രഞ്ജൻ ഗോഗോയ്, മദൻ ബി ലോക്കൂർ, കുര്യൻ ജോസഫ് എന്നിവരുടെ തുറന്നു പറച്ചിൽ സത്യത്തിൽ കേന്ദ്ര സർക്കാരിനെയാണ് പ്രതിരോധത്തിൽ ആക്കുന്നത്. ബിജെപി സർക്കാർ അധികാരത്തിലേറിയ ശേഷം ജുഡീഷ്യറിയിൽ രാഷ്ട്രീയ ഇടപെടൽ നടക്കുന്നു എന്നത് പരസ്യമായ രഹസ്യമാണ്. കോൺഗ്രസ്‌ നിരന്തരം ഇക്കാര്യം ഉന്നയിച്ചു കൊണ്ടിരിക്കുന്നു. ഒടുവിൽ ഉന്നത നീതിപീഠത്തിലെ നാല് ന്യായാധിപന്മാർ തന്നെ അക്കാര്യം പറയാതെ പറയുമ്പോൾ ജനാധിപത്യം എങ്ങോട്ടാണെന്ന ചോദ്യമാണ് ഉയരുന്നത്.

ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ പ്രതിയായ സൊഹ്റാബുദീൻ വ്യാജഏറ്റുമുട്ടൽ കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് ജഡ്ജിമാർ ചീഫ് ജസ്‌റ്റിസിനെതിരെ രംഗത്ത് വന്നത്. അത്യന്തം ഗൗരവമായ ഈ കേസ് പരിഗണിക്കുന്നത് മുതിർന്ന ജഡ്ജിമാരെ ഏൽപ്പിക്കുന്നതിനു പകരം ജൂനിയറായ ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചിനെ ഏൽപ്പിച്ചതാണ് ഇത്തരത്തിൽ ചീഫ് ജസ്റ്റിസിനെതിരെ പരസ്യമായി രംഗത്ത് വരാൻ പ്രേരിപ്പിച്ചത്. ഗുരുതര വിഷയങ്ങൾ മുതിർന്ന ജഡ്​ജിമാരുടെ മുമ്പാകെ നൽകാതിരിക്കുന്ന നടപടിയെ നാലു ജഡ്​ജിമാരും ശക്​തമായി എതിർക്കുന്നു.

സൊഹ്​റാബുദ്ദീൻ ശൈഖ്​ വ്യാജ ഏറ്റുമുട്ടൽ കേസി​​​​ന്റെ വിചാരണ നടത്തിയ മുംബൈ സി.ബി.​ഐ പ്രത്യേക കോടതി ജഡ്​ജി ബ്രിജ്​ഗോപാൽ ഹർകിഷൻ ലോയ(48) 2014 ഡിസംബർ ഒന്നിനാണ്​ മരിച്ചത്​. ഹൃദയസ്​തംഭനത്തെ തുടർന്ന്​ മരിച്ചുവെന്നാണ്​ കൂടെയുണ്ടായിരുന്ന ജഡ്​ജിമാർ അറിയിച്ചത്​​. ലോയ മരിച്ച്​ രണ്ടാഴ്​ച്ചക്ക്​ ശേഷം കേസ്​ പരിഗണിച്ച പുതിയ ജഡ്​ജി ആദ്യം അമിത് ഷായെയും പിന്നീട് ഘട്ടം ഘട്ടമായി പ്രമുഖ ഐ.പി.എസുകാരെയും കേസിൽ നിന്ന് ഒഴിവാക്കി.ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന പ്രതിഭാഗം വാദം അംഗീകരിച്ചായിരുന്നു നടപടി. വ്യാജ ഏറ്റുമുട്ടൽ കേസിൽ പ്രതിപ്പട്ടികയിലുള്ള അമിത്​ ഷാ കോടതിയിൽ ഹാജരാകാത്തത്​ എന്തുകൊണ്ടാണെന്ന ചോദ്യം ജഡ്​ജി ലോയ ഉന്നയിച്ചിരുന്നു. കേസിൽ അനുകൂല വിധിക്ക്​ 100 കോടി രൂപ കൈക്കൂലി ബി.ജെ.പി വാഗ്​ദാനം ചെയ്​തിരുന്നുവെന്ന്​ ലോയയുടെ മരണശേഷം കുടുംബം ആരോപിച്ചു. ഇൗ സാഹചര്യത്തിലാണ്​ ലോയയുടെ മരണത്തിലെ ദുരൂഹത ചൂണ്ടിക്കാട്ടി സഹോദരി അന്വേഷണം ആവശ്യ​പ്പെട്ട്​ രംഗത്തെത്തിയത്​. ലോ​യ​യു​ടെ മ​ര​ണ​ത്തി​ല്‍ സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ മ​ഹാ​രാ​ഷ്​​ട്ര​യി​ലെ മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​നാ​യ ബി.​ആ​ര്‍. ലോ​ൺ നൽകിയ ഹ​ർജി​ സു​പ്രീം​കോ​ട​തി ഇന്നലെ വാ​ദം കേ​ള്‍ക്കുന്നതിനിടയിലാണ് മുതിർന്ന ജഡ്​ജിമാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.

Social Icons Share on Facebook Social Icons Share on Google +