ജസ്റ്റിസ് ലോയ കേസ്.. ഒരു തിരിഞ്ഞുനോട്ടം..

ഡല്‍ഹി : ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് ജഡ്ജിമാർ ചീഫ് ജസ്റ്റിസിനെതിരെ രംഗത്ത് വന്നത്. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ പ്രതിയായ സൊഹ്‌റാബുദീൻ വ്യാജഏറ്റുമുട്ടൽ കേസ് പരിഗണിച്ചിരുന്നത് ജസ്റ്റിസ് ലോയ ആയിരുന്നു. ലോയ മരിച്ച് രണ്ടാഴ്ച്ചക്ക് ശേഷം കേസ് പരിഗണിച്ച പുതിയ ജഡ്ജി ആദ്യം അമിത് ഷായെയും മറ്റ് പ്രമുഖരെയും കേസിൽ നിന്ന് ഒഴിവാക്കിയതും സംശയങ്ങൾക്ക് കാരണമാകുന്നു.

സൊഹ്‌റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കേസിന്റെ വിചാരണ നടത്തിയ മുംബൈ സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി ബ്രിജ്‌ഗോപാൽ ഹർകിഷൻ ലോയ 2014 ഡിസംബർ ഒന്നിനാണ് മരിച്ചത്. ഹൃദയസ്തംഭനത്തെ തുടർന്ന് മരിച്ചുവെന്നാണ് കൂടെയുണ്ടായിരുന്ന ജഡ്ജിമാർ അറിയിച്ചത്. ലോയ മരിച്ച് രണ്ടാഴ്ച്ചക്ക് ശേഷം കേസ് പരിഗണിച്ച പുതിയ ജഡ്ജി ആദ്യം അമിത് ഷായെയും പിന്നീട് ഘട്ടം ഘട്ടമായി പ്രമുഖ ഐ.പി.എസുകാരെയും കേസിൽ നിന്ന് ഒഴിവാക്കി. ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന പ്രതിഭാഗം വാദം അംഗീകരിച്ചായിരുന്നു നടപടി. വ്യാജ ഏറ്റുമുട്ടൽ കേസിൽ പ്രതിപ്പട്ടികയിലുള്ള അമിത് ഷാ കോടതിയിൽ ഹാജരാകാത്തത് എന്തുകൊണ്ടാണെന്ന ചോദ്യം ജഡ്ജി ലോയ ഉന്നയിച്ചിരുന്നു. കേസിൽ അനുകൂല വിധിക്ക് 100 കോടി രൂപ കൈക്കൂലി ബി.ജെ.പി വാഗ്ദാനം ചെയ്തിരുന്നുവെന്ന് ലോയയുടെ മരണശേഷം കുടുംബവും ആരോപിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് ലോയയുടെ മരണത്തിലെ ദുരൂഹത ചൂണ്ടിക്കാട്ടി സഹോദരി അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ലോയയുടെ മരണത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ മാധ്യമപ്രവർത്തകനായ ബി.ആർ. ലോൺ നൽകിയ ഹർജി സുപ്രീംകോടതി ഇന്നലെ വാദം കേൾക്കുന്നതിനിടയിലാണ് മുതിർന്ന ജഡ്ജിമാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. അത്യന്തം ഗൗരവമായ ഈ കേസ് പരിഗണിക്കുന്നത് മുതിർന്ന ജഡ്ജിമാരെ ഏൽപ്പിക്കുന്നതിനു പകരം ജൂനിയറായ ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചിനെ ഏൽപ്പിച്ചതാണ് ഇത്തരത്തിൽ ചീഫ് ജസ്റ്റിസിനെതിരെ പരസ്യമായി രംഗത്ത് വരാൻ പ്രേരിപ്പിച്ചത്.

Topics:
Social Icons Share on Facebook Social Icons Share on Google +