വായ്പാ തിരിച്ചടവിൽ സത്യസന്ധത പുലർത്തുന്നവർക്ക് സന്തോഷവാര്‍ത്ത

വായ്പാ തിരിച്ചടവിൽ സത്യസന്ധത പുലർത്തുന്നവർക്ക് വീണ്ടും എളുപ്പത്തിൽ വായ്പ നൽകാൻ പൊതുമേഖലാ ബാങ്കുകളുടെ തീരുമാനം. വായ്പ നൽകുന്നത് പ്രോത്സാഹിപ്പിക്കാനും അതു വഴി വളർച്ചയുടെ തോത് തിരിച്ചുപിടിക്കലുമാണ് കേന്ദ്രം ലക്ഷ്യം വയ്ക്കുന്നത്.

വായ്പയെടുത്ത് തിരിച്ചടയ്ക്കുന്നതിൽ  സത്യസന്ധത പുലർത്തുന്നവർക്ക് പൊതുമേഖലാ ബാങ്കുകളിൽ നിന്ന് വീണ്ടും എളുപ്പത്തിൽ വായ്പ ലഭ്യമാക്കാൻ ബാങ്കുകൾ തീരുമാനിച്ചു. ഇവർക്ക് കാര്യമായ തടസ്സങ്ങളില്ലാതെ വായ്പ ലഭ്യമാക്കാൻ ബാങ്കുകൾ നടപടിയെടുക്കും. ഇതുൾപ്പെടെ ബാങ്കിങ് മേഖലയിൽ പരിഷ്‌കാര നടപടികൾ കൈക്കൊണ്ടതായി സാമ്പത്തികകാര്യ സെക്രട്ടറി രാജീവ് കുമാർ അറിയിച്ചു. വ്യക്തിയുടെ സത്യസന്ധതയ്ക്ക് പ്രത്യേക പരിഗണന നൽകാനാണു തീരുമാനം. ഈ മാസം 31നു മുമ്പ് രാജ്യത്തെ 20 പൊതുമേഖലാ ബാങ്കുകൾക്കായി 88,139 കോടി രൂപ നൽകാനും തീരുമാനമായിട്ടുണ്ട്. വായ്പ നൽകുന്നത് പ്രോത്സാഹിപ്പിക്കാനും അതു വഴി വളർച്ചയുടെ തോത് തിരിച്ചുപിടിക്കാനുമാണ് കേന്ദ്രം പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

വൻതോതിൽ വായ്പ ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥകൾ കർശനമാക്കിയതായും ധനമന്ത്രി അരുൺ ജയ്റ്റ്ലി പറഞ്ഞു. വൻതുകയെടുത്ത് തിരിച്ചടയ്ക്കാത്തവരെ തുടർച്ചയായി നിരീക്ഷിക്കും. 250 കോടി രൂപയ്ക്കു മുകളിൽ വായ്പയെടുത്ത് തിരിച്ചടച്ചില്ലെങ്കിൽ അക്കാര്യം റിപ്പോർട്ട് ചെയ്യുന്നത് ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. എട്ടുലക്ഷം കോടിയോളം രൂപയുടെ കിട്ടാക്കടമുണ്ട് രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾക്ക്. ഇതുൾപ്പെടെ പൊതുമേഖല നേരിടുന്ന പ്രതിസന്ധിക്കു പരിഹാരം കാണുകയാണ് പുതിയ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് വായ്പ ലഭ്യമാക്കുന്നതിനും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും.

Social Icons Share on Facebook Social Icons Share on Google +