ഓസ്ട്രേലിയന്‍ ഓപ്പണ് കിരീടം ഫെഡറര്‍ക്ക്; കരിയറിലെ ഇരുപതാം ഗ്രാൻസ്‌ലാം കിരീടനേട്ടം

റോജർ ഫെഡറർ ഓസ്‌ട്രേലിയൻ ഓപ്പൺ ചാമ്പ്യൻ. ഫൈനലിൽ ക്രൊയേഷ്യയുടെ മാരിൻ ചിലിച്ചിയെയാണ് ഫെഡറർ തോൽപ്പിച്ചത്. സ്‌കോർ 6-2, 6-7, 6-3, 3-6, 6-1. ഫെഡററുടെ ആറാം ഓസ്ട്രലിയൻ ഓപ്പൺ കിരിടവും കരിയറിലെ ഇരുപതാം ഗ്രാൻസ്‌ലാം കിരീടവുമാണിത്.

കാലം കഴിയുന്തോറും പോരാട്ട വീര്യത്തിന് തെല്ലും കുറവില്ലെന്ന് ഒരിക്കൽ കൂടി ആ മുപ്പത്തിയാറുകാരൻ തെളിയിച്ചിരിക്കുന്നു. ഗ്രാൻസ്ലാമുകളെ കൂട്ടുകാരനാക്കിയ..റെക്കോഡുകളെ കൂടെ കൂട്ടിയ റോജറർ ഫെഡറർ ഒരു പൊൻ തൂവൽ കൂടി കരിയറിൽ ചേർത്തു വച്ചു. ഓസ്‌ട്രേലിയൻ ഓപ്പണിന്റെ കലാശപ്പോരിൽ മാരിൻ സിലിച്ചിനെ തകർത്ത് കിരീടം സ്വന്തം പേരിലെഴുതി സ്വിസ് ഇതിഹാസം.

അഞ്ചു സെറ്റ് നീണ്ടുനിന്ന കടുത്ത  പോരാട്ടത്തിൽ മറികടന്നാണ് ഫെഡററിന്റെ കിരീടധാരണം. സ്‌കോർ 6-2, 6-7, 6-3, 3-6, 6-1.

ക്രൊയേഷ്യൻ താരത്തെ കാര്യമായ പോരാട്ടത്തിനു പോലും അനുവദിക്കാതെയാണ് സ്വിസ് താരം ആദ്യ സെറ്റ് സ്വന്തമാക്കിയത്. കടുത്ത പോരാട്ടം നടന്ന രണ്ടാം സെറ്റിൽ ഫെഡററിന്റെ വെല്ലുവിളി അതിജീവിച്ച് സിലിച്ച് ഒപ്പമെത്തി.  6-3 ന് മൂന്നാം സെറ്റ് ഫെഡററും നാലാം സെറ്റ് സിലിച്ചും സ്വന്തമാക്കിയതോടെ കലാശപ്പോര് അഞ്ചാം സെറ്റിലേക്. നിർണായക ഘട്ടത്തിൽ തന്റെ അനുഭവ സമ്പത്തു മുഴുവൻ പുറത്തെടുത്ത ഫെഡറർ അനായാസം സെറ്റും മൽസരവും സ്വന്തമാക്കി. ഒപ്പം ഇരുപതാം ഗ്രാൻസ്‌ലാം കിരീടവും.

കരിയറിലെ മുപ്പതാം ഗ്രാൻസ്‌ലാം ഫൈനൽ കളിച്ച ഫെഡററിന്റെ ഇരുപതാം കിരീടനേട്ടമാണ് മെൽബണിൽ പിറന്നത്. മറ്റേതൊരു താരത്തെയുംകാൾ ബഹുദൂരം മുന്നിൽ. ആറാം ഓസ്‌ട്രേലിയൻ ഓപ്പണും സ്വന്തമാക്കിയ ഫെഡറർ, ഇക്കാര്യത്തിൽ. നോവാക് ജോക്കോവിച്ച്, റോയ് എമേഴ്‌സൻ എന്നിവരുടെ റെക്കോർഡിനൊപ്പമെത്തി. ഓസ്‌ട്രേലിയൻ ഓപ്പൺ നേടുന്ന ഏറ്റവും പ്രായം കൂടിയ
രണ്ടാമത്തെ താരമെന്ന റെക്കോർഡ് അദ്ദേഹം പുതുക്കുകയും ചെയ്തു.  1972 ൽ, 37ാം വയസ്സിൽ ഓസ്‌ട്രേലിയൻ ഓപ്പൺ നേടിയ കെൻ റോസ്‌വാളാണ് ഇക്കാര്യത്തിൽ ഫെഡററിന് മുന്നിലുള്ളത്.

അതേസമയം മൂന്നാം ഗ്രാൻസ്‌ലാം ഫൈനൽ കളിച്ച ക്രൊയേഷ്യൻ താരത്തിന്റെ രണ്ടാം തോൽവിയാണിത്. കഴിഞ്ഞ വർഷം വിംബിൾഡണിലും ഫൈനലിൽ കടന്നെങ്കിലും ഫൈനലിൽ റോജർ ഫെഡററിനോടു തന്നെ തോൽക്കുകയായിരുന്നു. 2014ൽ നേടിയ യുഎസ് ഓപ്പണാണ് സിലിച്ചിന്റെ പേരിലുള്ള ഏക ഗ്രാൻസ്‌ലാം കിരീടം.

Social Icons Share on Facebook Social Icons Share on Google +