എഫ്.സി ഗോവയെ മുട്ടുകുത്തിച്ച് മുംബൈ സിറ്റി എഫ്.സി

ഐ.എസ്.എല്ലിൽ ഗോൾ മഴ കണ്ട മത്സരത്തിൽ എഫ്.സി ഗോവയെ മുട്ടുകുത്തിച്ച് മുംബൈ സിറ്റി എഫ്.സി. മൂന്നിനെതിരെ നാല് ഗോളിനായിരുന്നു മുംബൈയുടെ വിജയം. മറ്റൊരു മത്സരത്തിൽ കൊൽക്കത്ത വീണ്ടും പരാജയം രുചിച്ചു. ജംഷഡ്പുർ എഫ്.സി എതിരില്ലാത്ത ഒരു ഗോളിന് കൊൽക്കത്തയെ പരാജയപ്പെടുത്തുകയായിരുന്നു.

വാശിയേറിയ പോരാട്ടമായിരുന്നു എഫ്.സി ഗോവയും മുംബൈ സിറ്റി എഫ്.സിയും തമ്മിൽ. എന്നാൽ ഗോവയുടെ തട്ടകത്തിൽ തന്നെ മുംബൈ സിറ്റി എഫ്‌.സി ഗോവയെ മുട്ടുകുത്തിച്ചു. മൂന്നിനെതിരെ നാല് ഗോളിനായിരുന്നു മുംബൈയുടെ വിജയം. ഇരുടീമുകളും അറ്റാക്കിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ച മത്സരത്തിൽ ആദ്യ ഗോളടിച്ചത് ഗോവയുടെ കോറയാണ്.

മുംബൈ ഗോളി അമരീന്ദറിനെ 34ാം മിനിറ്റിൽ കീഴടക്കിയായിരുന്നു കോറയുടെ ഗോൾ. എന്നാൽ രണ്ടു മിനിറ്റിനുള്ളിൽ തന്നെ മുംബൈയുടെ മറുപടി വന്നു. 36-ാം മിനിറ്റിൽ തിയാഗോ സാന്റോസ് മുംബൈയെ ഒപ്പമെത്തിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ഇരു ടീമുകളും കാഴ്ചവെച്ചത്. ജയവും തോൽവിയും ആർക്കൊപ്പം എന്ന് നിർണ്ണയിക്കാൻ കഴിയാത്ത വാശിയേറിയ പോരാട്ടം.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഫെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ട് മടങ്ങിയതോടെ ഗോവ പത്ത് പേരായി ചുരുങ്ങി. 54-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി എമാന ഗോളാക്കി മാറ്റിയതോടെ മുംബൈ സമനില കണ്ടെത്തി. 70-ാം മിനിറ്റിൽ തിയാഗോ സാന്റോസും ലക്ഷ്യം കണ്ടതോടെ മുംബൈ 3-2ന് മുന്നിലായി.

എന്നാൽ എട്ടു മിനിറ്റുകൾക്ക് ശേഷം ഗോവയ്ക്കായി കോറ വീണ്ടും ലക്ഷ്യം കണ്ടു. ഇതോടെ സ്‌കോർ 3-3 ആയി. മത്സരം സമനിലയിലേക്ക് നീങ്ങവെ ബൽവന്ത് സിങ്ങ് മുംബൈയുടെ വിജയഗോൾ കണ്ടു. 86-ാം മിനിറ്റിൽ ക്ലോസ് ഫിനിഷിലൂടെ ബൽവന്ത് മുംബൈയുടെ വിജയമുറപ്പിക്കുകയായിരുന്നു. വിജയത്തോടെ മൂന്ന് പോയിന്റുമായി മുംബൈ അഞ്ചാമതെത്തി.

അതേസമയം ഐ.എസ്.എല്ലിൽ കൊൽക്കത്തയ്ക്കു വീണ്ടും തോൽവി. ജംഷഡ്പുർ എഫ്‌.സി എതിരില്ലാത്ത ഒരു ഗോളിന് കൊൽക്കത്തയെ പരാജയപ്പെടുത്തി. ട്രിൻഡാഡെ ഗോൺസാൽവസിന്റെ പെനാൽറ്റി ഗോളിലായിരുന്നു ജംഷഡ്പുരിന്റെ വിജയഗോൾ.

മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ജംഷെഡ്പൂരിന് ഒരു ഗോൾ മാത്രമേ മത്സരത്തിൽ നേടാനായുള്ളു. നിലവിൽഎട്ടാം സ്ഥാനത്തുള്ള കൊൽക്കത്തയുടെ സെമി പ്രതീക്ഷകൾ ഏതാണ്ട് അസ്തമിച്ചു.

Topics: ,
Social Icons Share on Facebook Social Icons Share on Google +