അണ്ടര്‍ 19 ലോകകപ്പ് കിരീടം ഇന്ത്യക്ക്

അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യക്ക്. നാലാം തവണയാണ് ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടുന്നത്. ഫൈനലിൽ ഓസ്‌ട്രേലിയയെ എട്ടു വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ ചാമ്പ്യൻമാരായത്. മൻജോത് കൽറയുടെ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യൻ ജയത്തിന് അടിത്തറയായത്. ഏറ്റവും കൂടുതല്‍ തവണ ചാമ്പ്യന്മാരാകുന്ന ടീമെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ 47.2 ഓവറില്‍ 216 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 38.5 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു. ശുബ്മാന്‍‌ ഗില്ലും ഹാര്‍വിക് ദേശായിയുമാണ് പുറത്തായ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍.

അണ്ടർ 19 ലോകകപ്പിലെ നാലാം കിരീടം എന്ന ലക്ഷ്യവുമായാണ് ഇന്ത്യയും ഓസ്‌ട്രേലിയയും  ഫൈനലിനിറങ്ങിയത്. ഇരു ടീമുകളും മുമ്പ് മൂന്ന് തവണ വീതമാണ് കിരീടം ചൂടിയിട്ടുള്ളത്. എന്നാൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ 8 വിക്കറ്റ് ജയം സ്വന്തമാക്കിയാണ് ഇന്ത്യ ഇന്ന് ചരിത്രം കുറിച്ചത്. ടൂർണമെന്റിൽ ഒരു കളിപോലും തോൽക്കാതെയാണ് ഇന്ത്യ ഫൈനലിൽ എത്തിയത് എന്നതും ശ്രദ്ധേയമാണ്.

101 പന്തിൽ നിന്ന് ഫൈനലിൽ തന്റെ ശതകം പൂർത്തിയാക്കി മൻജോത് കൽറയാണ് ഇന്ത്യയെ അനായാസം ലക്ഷ്യത്തിലെത്തിച്ചത്. മൂന്നാം വിക്കറ്റിൽ കൂട്ടായി എത്തിയ ഹാർവിക് ദേശായി 47 റൺസുമായി ക്രീസിൽ നിലയുറപ്പിച്ചപ്പോൾ ഇന്ത്യ 38.5 ഓവറിൽ വിജയം കുറിച്ചു. സെഞ്ച്വറി പ്രകടനവുമായി കളം നിറഞ്ഞ മന്‍ജോത് കല്‍റയാണ് മാന്‍ ഓഫ് ദ മാച്ച്.

ഫൈനൽ മൽസരത്തിലെ സമസ്ത മേഖലകളിലും ഇന്ത്യക്കായിരുന്നു ആധിപത്യം. അനാവശ്യ ഷോട്ടുകൾ ഒഴിവാക്കി, മോശം പന്തുകളെ മാത്രം തിരഞ്ഞു പിടിച്ച് ആക്രമിച്ച ഇന്ത്യയുടെ യുവ ബാറ്റിങ്ങ് നിരയെ പ്രശംസിക്കാതെ വയ്യ. 89 റൺസാണ് മൂന്നാം വിക്കറ്റിൽ മൻജോത്- ഹാർവിക് ദേശായി സഖ്യം നേടിയത്. ശുഭ്മൻ ഗില്ലും പൃഥ്വി ഷായും മികച്ച രീതിയിൽ തന്നെ ഇന്ത്യക്ക് വേണ്ടി ബാറ്റേന്തി.

2000, 2008, 2012 വർഷങ്ങളിലാണ് ഇന്ത്യ മുമ്പ് ചാമ്പ്യന്മാരായിട്ടുള്ളത്. കഴിഞ്ഞ ലോകകപ്പിൽ വെസ്റ്റിൻഡീസുമായി ഇന്ത്യ ഫൈനലിൽ പരാജയപ്പെടുകയായിരുന്നു. എന്ത് തന്നെയായലും ക്രിക്കറ്റ് പ്രേമികൾ എന്നും ഓർക്കുന്ന ചരിത്രനിമിഷം സമ്മാനിച്ചാണ് പ്രിഥ്വി ഷായും കൂട്ടരും 2018ലെ ലോകകപ്പ് ഉയർത്തിയിരിക്കുന്നത്.

Social Icons Share on Facebook Social Icons Share on Google +