സെഞ്ചൂറിയനില്‍ ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട് നീലപ്പട

സെഞ്ചൂറിയൻ ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയെ തകർത്തെറിഞ്ഞ് ഇന്ത്യക്ക് 9 വിക്കറ്റിന്റെ ആധികാരിക ജയം. സ്പിൻ മികവിൽ ദക്ഷിണാഫ്രിക്കയെ 118ന് ചരുട്ടിക്കെട്ടിയ ഇന്ത്യ 20.3 ഓവറിൽ ഒരു വിക്കറ്റ് മാത്രം ശേഷിക്കേ ലക്ഷ്യം മറികടക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയുടെ 5 വിക്കറ്റ് പിഴുത യുസ്വേന്ദ്ര ചാഹലാണ് ഇന്ത്യൻ ജയം എളുപ്പമാക്കിയത്.

ചുട്ടുപഴുത്ത സെഞ്ചൂറിയനിൽ കുത്തിത്തിരിയുന്ന പന്തുകളുമായി ഇന്ത്യൻ ബൌളർമാർ നിറഞ്ഞു നിന്നപ്പോൾ പേരു കേട്ട ദക്ഷിണാഫ്രിക്ക കറങ്ങി വീണു. നാട്ടുകാരുടെ മുന്നിൽ 118 എന്ന നാണം കെട്ട സ്‌കോറിന് ഒതുങ്ങിയ ദക്ഷിണാഫ്രിക്ക 9 വിക്കറ്റിന് ഇന്ത്യക്ക് മുന്നിൽ പരമ്പര അടിയറ വെച്ചു.
ടോസ് നേടി കോഹ്ലി ബൗളിംഗ് സ്പിൻ അത്ഭുതം ആരും പ്രതീക്ഷിച്ചിരുന്നില്ല.

മികച്ച രീതിയിലായിരുന്നു ദക്ഷിണാഫ്രിക്ക ബാറ്റ് വീശി തുടങ്ങിയത് 39 എന്ന ടീം ടോട്ടലിൽ നിൽക്കേ അംല കൂടാരം കയറി. എന്നാൽ അംല-ഡീ കോക്ക് സഖ്യം തുടങ്ങി വച്ച ഭേദപ്പെട്ട തുടക്കം തകർച്ചയിലേക്ക് വഴിയൊരുക്കിയത് അതിവേഗം. സ്‌കോർ 51ൽ നിൽക്കെ ഡീ കോക്കിനെ ചാഹൽ പവലിയനിലേക്ക് പറഞ്ഞു വിട്ടു. തൊട്ടു പിന്നാലെ മാർക്രവും ഡുമിനിയും പുറത്തേക്കുള്ള വഴികണ്ടു.

അഞ്ചാം വിക്കറ്റിൽ ഡുമിനി-കോണ്ടോ സഖ്യം തൊല്ലൊന്നു പൊരുതി നോക്കി. എന്നാൽ സ്പിൻ തന്ത്രവുമായി ചാഹൽ അവതരിക്കുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. വിക്കറ്റ് ഇന്ത്യക്കു നൽകാൻ ദക്ഷിണാഫ്രിക്കൻ മധ്യ നിരയും വാലറ്റവും മത്സരിച്ചു. മില്ലർ പൂജ്യം. ക്രിസ് മോറിസ് 14, റബാദ, ഒന്ന്, മോർക്കൽ ഒന്ന്, താഹിർ പൂജ്യം ഷംസി പൂജ്യം എന്നിങ്ങനെ ദക്ഷിണാഫ്രിക്ക തകർന്നു തരിപ്പണമായി.

അഞ്ചാം വിക്കറ്റിൽ ഡുമിനി-കോണ്ടോ സഖ്യം നേടിയ 48 റൺസ് കൂടി ഇല്ലായിരുന്നെങ്കിൽ ദക്ഷിണാഫ്രിക്കയുടെ കാര്യം ഇതിലും കഷ്ടമായേനെ. 8.2 ഓവറിൽ 22 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റ് നേടിയ ചാഹലിന്‍റെ പ്രകടനം തന്നെയായിരുന്നു ഇന്ത്യൻ ജയത്തിൽ തിളക്കമുള്ള അധ്യായമായത്. മൂന്നു വിക്കറ്റുമായി കുൽദീപ് യാദവ് ചാഹലിനു മികച്ച പിന്തുണ നൽകി. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ എന്നിവർ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ബാക്കി കാര്യങ്ങൾ ഒരു ചടങ്ങു തീർക്കൽ മാത്രമായി. 15 റൺസ് നേടിയ രോഹിത് ശർമയെ മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ അതിവേഗം ലക്ഷ്യം മറികടന്നു. അർധസെഞ്ച്വറി നേടി പുറത്താകാതെ നിന്ന ധവാനും 44 റൺസ് നേടിയ കോലിയും ഇന്ത്യയെ അർഹിച്ച ജയത്തിലേക്ക് നയിച്ചു. 5 വിക്കറ്റ് നേടിയ ചാഹലാണ് കളിയിലെ താരം. ജയത്തോടെ ഇന്ത്യ 6 മത്സര പരമ്പരയിൽ 2-0ത്തിന് മുന്നിലെത്തി. ഫെബ്രുവരി 7ന് കേപ് ടൗണിലാണ് മൂന്നാം ഏകദിനം.

Social Icons Share on Facebook Social Icons Share on Google +