ധനകാര്യ ബിൽ പാസായില്ല; യുഎസിൽ വീണ്ടും സാമ്പത്തിക സ്തംഭനം

ധനകാര്യ ബിൽ പാസാകാത്തതിനെ തുടർന്നു യുഎസിൽ വീണ്ടും സാമ്പത്തിക സ്തംഭനം. മൂന്നാഴ്ചയ്ക്കിടെ യുഎസിൽ ഉടലെടുത്തിരിക്കുന്ന രണ്ടാമത്തെ സാമ്പത്തിക പ്രതിസന്ധിയാണിത്.

പ്രതിസന്ധി മൂലം വൈറ്റ് ഹൗസിലെ 1700 ജീവനക്കാരിൽ 1056 പേർക്കു നിർബന്ധിത അവധിയിൽ പ്രവേശിക്കേണ്ടി വരും. 13 ലക്ഷം സൈനികരും പതിവുപോലെ ജോലി തുടരും. എന്നാൽ ശമ്പളമുണ്ടാകില്ല. ദേശീയ പാർക്കുകൾ, മ്യൂസിയം തുടങ്ങിയവ അടഞ്ഞു കിടക്കും. സാമൂഹിക സുരക്ഷ, എയർ ട്രാഫിക് കൺട്രോൾ, ഗതാഗത സുരക്ഷ, തപാൽ തുടങ്ങിയവ പ്രവർത്തിക്കും.

കോൺഗ്രസിലെ ഒരേയൊരു സെനറ്ററിന്റെ എതിർപ്പാണു പ്രതിസന്ധിയുണ്ടാകാൻ കാരണം. ബിൽ പാസാക്കാൻ സാധിക്കാതിരുന്നതിനാൽ ജനുവരിയിലും ഫെഡറൽ സർക്കാരിന്റെ പ്രവർത്തനം സ്തംഭിച്ചിരുന്നു.റിപ്പബ്ലിക്കൻ സെനറ്ററായ റാൻഡ് പോളാണ് ഇത്തവണ ബില്ലിനെ എതിർത്തു രംഗത്തെത്തിയത്. ട്രംപ് സർക്കാരിന്റെ കുടിയേറ്റ നയത്തിൽ പ്രതിഷേധിച്ചു ജനുവരിയിൽ പ്രതിപക്ഷമായ ഡമോക്രാറ്റിക് പാർട്ടി സെനറ്റിൽ സാമ്പത്തിക ബില്ലിനെതിരെ വോട്ട് ചെയ്തിരുന്നു. ഇതേത്തുടർന്ന് മൂന്നു ദിവസം പണമില്ലാതെ സർക്കാർ പ്രവർത്തിക്കേണ്ടി വന്നു. കുട്ടികളായിരിക്കുമ്പോൾ യുഎസിലേക്കു കുടിയേറിയ ഏഴുലക്ഷത്തിലേറെ പേർക്കു നൽകിയ താൽക്കാലിക നിയമസാധുത ട്രംപ് ഭരണകൂടം പിൻവലിച്ചതാണു ഡമോക്രാറ്റുകളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്.

Topics:
Social Icons Share on Facebook Social Icons Share on Google +