പലസ്തീൻ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദായിലെത്തും

പലസ്തീൻ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകിട്ടോടെ യുഎഇ തലസ്ഥാനമായ അബുദായിലെത്തും. വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഒമാന്‍റെ  തലസ്ഥാനമായ മസ്‌കറ്റിലേക്ക് പോകും. രണ്ടുദിവസത്തെ പരിപാടികളാണ് ഒമാനിൽ പ്രധാനമന്ത്രിക്ക് ഉള്ളത്.

പലസ്തീനിൽനിന്ന് ഇന്ന് വൈകീട്ട് ഏഴ് മണിയോടെ അബുദാബിയിലെത്തുന്ന പ്രധാനമന്ത്രിയുടെ ബഹുമാനാർഥം അബുദാബി കിരീടാവകാശിയും യുഎഇ  ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അത്താഴവിരുന്ന് ഒരുക്കുന്നുണ്ട്. ഇന്ത്യ-യു.എ.ഇ ഉന്നതതല ചർച്ചകളും ഇതോടൊപ്പം നടക്കും. കിരീടാവകാശിയുടെ കൊട്ടാരത്തിൽ നടക്കുന്ന അത്താഴവിരുന്നിൽ ഭരണാധികാരികളും സംബന്ധിക്കും.

ഞായറാഴ്ച രാവിലെ അബുദാബിയിലെ രക്തസാക്ഷി സ്മാരകത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച ശേഷം ഒമ്പതരയ്ക്ക് ദുബായ് ഒപ്പറ ഹൗസിൽ ഇന്ത്യൻ സമൂഹത്തെ മോദി അഭിസംബോധന ചെയ്യും. അബുദാബിയിൽ പണിയുന്ന ഹിന്ദു ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം അദ്ദേഹം ചടങ്ങിൽവെച്ച് വീഡിയോ കോൺഫറൻസ് വഴി നിർവഹിക്കും. ക്ഷേത്രത്തിന്റെ മാതൃക അനാവരണം ചെയ്യും. ഉച്ചതിരിഞ്ഞ് അദ്ദേഹം മസ്‌കറ്റിലേക്ക് യാത്രതിരിക്കും.

വൈകിട്ട് മസ്‌കറ്റിലെ റോയൽ എയർപോർട്ടിൽ എത്തുന്ന പ്രധാനമന്ത്രിയെ ഒമാൻ ഉപപ്രധാനമന്ത്രി സൈദ് ഫഹദ് മഹമൂദ് അൽ സൈദ് സ്വീകരിക്കും. തുടർന്ന് ബോഷർ സുൽത്താൻ ഖാബൂസ് സ്‌പോർട്‌സ് സമുച്ചയത്തിലെത്തി പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്യും. ഒമാന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വിദേശ രാഷ്ട്രനേതാവ് വലിയൊരു ജനസമൂഹവുമായി നേരിൽ സംവദിക്കുന്നത്. ഞായറാഴ്ച രാത്രി ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസുമായി മോദി ചർച്ച നടത്തും. ഇരുരാജ്യങ്ങളിലെയും ഉന്നതതല സംഘത്തിന്റെ നേതൃത്വത്തിൽ ഉഭയകക്ഷി ചർച്ചകളും നടക്കും. സുൽത്താൻ ഖാബൂസ് പ്രധാനമന്ത്രിക്കായി അത്താഴവിരുന്നും ഒരുക്കുന്നുണ്ട്. തിങ്കളാഴ്ച കാലത്ത് ഒമാൻ വാണിജ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ബിസിനസ് മീറ്റ് നടക്കും. തുടർന്ന് സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മോസ്‌കും മസ്‌കറ്റിലെ ശിവക്ഷേത്രവും മോദി സന്ദർശിക്കും .

Topics:
Social Icons Share on Facebook Social Icons Share on Google +